വിവാദ പ്രസ്താവനകളുടെ തോഴനാണ് മന്ത്രി എം എം മണി. എവിടെ പ്രസംഗം ആതരിപ്പിച്ചാലും മന്ത്രിയുടെ പരാമർശം വിവാദങ്ങളിലെക്ക് എത്തിയ ചരിത്രമേ ഉള്ളു. മൂന്നാർ കൈയേറ്റ ഭൂമി ഒഴിപ്പിക്കലിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയാണ് മന്ത്രി വീണ്ടും വിവാദങ്ങൾ കൊളുത്തിവിട്ടത്.
ദേവികുളം സബ് കലക്ടറെ ഊളമ്പാറക്ക് കൊണ്ടുപോയി മാനസിക രോഗത്തിനു ചികിത്സ നൽകുകയാണ് വേണ്ടതെന്നാണ് മണി ആദ്യം പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് പെമ്പിളൈ ഒരുമൈയ്ക്കെതിരെ അസഭ്യ വർഷവുമായി മന്ത്രി രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ മൂന്നാറിൽ സമരം ആരംഭിച്ചു.
മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞ് മന്ത്രി രംഗത്തെത്തിയിരുന്നു. എന്നാൽ, മന്ത്രി മൂന്നാറിൽ നേരിട്ടെത്തി സ്ത്രീകളോട് മാപ്പു പറയണം എന്നാണ് സമരക്കാരുടെ ആവശ്യം. വൺ ടൂ ത്രീ വിവാദത്തിൽ പാർട്ടി നേരത്തേ ഒപ്പം നിന്നിരുന്നെങ്കിൽ പെമ്പിളൈ ഒരുമ വിഷയത്തിൽ നേതൃത്വം തന്നെ എം എം മണിയെ തള്ളി പറഞ്ഞിരിക്കുകയാണ്.