പ്രതീക്ഷിച്ച രീതിയില്‍ വൈദ്യുതി പുറത്ത് നിന്ന് കിട്ടാതെ വന്നാല്‍ സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താന്‍ നീക്കം. കാലവര്‍ഷം പ്രതീക്ഷിച്ച രീതിയില്‍ ലഭിക്കത്തതിനാല്‍ ഡാമുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തത് നേരത്തേ മുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
30-നു പവര്‍ ഗ്രിഡ് കോര്‍പറേഷനുമായി വൈദ്യുതി ബോര്‍ഡ് നടത്തുന്ന ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ 200 മെഗാവാട്ട് ലഭിക്കുമെന്നാണു പ്രതീക്ഷ. അല്ലാത്തപക്ഷം ലോഡ്‌ഷെഡിംഗ് വേണ്ടിവരുമെന്നു കെഎസ്‌ഇബി സൂചിപ്പിച്ചിട്ടുണ്ട്.
മൂലമറ്റത്തു ട്രാന്‍സ്‌ഫോമര്‍ തകരാര്‍ പൂര്‍ണമായി പരിഹരിക്കാത്തതിനാല്‍ 130 മെഗാവാട്ട് കുറഞ്ഞു. മറ്റിടങ്ങളിലെ ഉല്‍പാദനം വര്‍ധിപ്പിച്ചും കായംകുളം വൈദ്യുതി വാങ്ങിയുമാണു ബോര്‍ഡ് പ്രതിസന്ധി അതിജീവിച്ചിരുന്നത്. എന്നാല്‍ സംഭരണികളില്‍ ആവശ്യത്തിനു വെള്ളമില്ലാത്തതിനാല്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ഇനി പിടിച്ചുനില്‍ക്കാനാവില്ല എന്ന് കെഎസ്‌ഇബി പറയുന്നു.
കൂടാതെ കല്‍ക്കരി ക്ഷാമം രൂക്ഷമായത് കേന്ദ്ര ഗ്രിഡ്ഡില്‍ നിന്ന് ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഏതാണ്ട് കിട്ടാക്കനിയായി. അതിനു പിന്നാലെ ആണവോര്‍ജ റഗുലേറ്ററി ബോര്‍ഡിന്റെ പരിശോധന നടക്കുന്നതിനാല്‍ കൂടംകുളം വൈദ്യുതിയുമില്ല. ഓഗസ്‌റ്റ് മധ്യത്തോടെയേ അവിടെനിന്നു വൈദ്യുതി ലഭിക്കൂ.
സംസ്‌ഥാനത്തെ എല്ലാ സംഭരണികളിലെയും വെള്ളത്തിന്റെ അളവ് ആകെ സംഭരണശേഷിയുടെ 37 ശതമാനമാണ്. ഇടുക്കി അണക്കെട്ടില്‍ 31% വെള്ളമേയുള്ളൂ. മഴ ശക്‌തമാകാത്തിനാല്‍ നീരൊഴുക്കു വര്‍ധിച്ചിട്ടുമില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് കെഎസ്‌ഇബി ലോഡ്ഷേഡ്ഡിങ്ങിനായി വാദിക്കുന്നത്.