Lorry Udama Manaf: വെറും പതിനായിരം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്ന ചാനലിനു ഇപ്പോള്‍ ഒന്നരലക്ഷത്തിനു മുകളില്‍ ! ലോറി ഉടമ മനാഫിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Manaf Youtube Channel: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച ഡ്രൈവര്‍ അര്‍ജുന്റെ ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനലിനു സബ്‌സ്‌ക്രൈബേഴ്‌സ് വര്‍ധിക്കുന്നു. മനാഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജുന്റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു. അതിനു ശേഷമാണ് മനാഫിന്റെ യുട്യൂബ് ചാനലില്‍ സബ്‌സ്‌ക്രൈബേഴ്‌സ് കൂടാന്‍ തുടങ്ങിയത്.
നേരത്തെ വെറും പതിനായിരം മാത്രമായിരുന്നു സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം. അതിപ്പോള്‍ ഒന്നരലക്ഷവും കടന്നിരിക്കുകയാണ്. 'ലോറി ഉടമ മനാഫ്' (Lorry Udama Manaf) എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിന്റെ വിവരങ്ങള്‍ പങ്കുവെയ്ക്കാനാണ് താന്‍ ചാനല്‍ തുടങ്ങിയതെന്ന് മനാഫ് നേരത്തെ പറഞ്ഞിരുന്നു.
സ്വകാര്യ ലാഭത്തിനു വേണ്ടിയാണ് മനാഫ് പലതും ചെയ്തതെന്ന തരത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് അര്‍ജുന്റെ കുടുംബം മനാഫിനെതിരെ ഉന്നയിച്ചത്. ഷിരൂരില്‍ നിന്ന് വീഡിയോകള്‍ നിരന്തരമായി ഷൂട്ട് ചെയ്ത് 'ലോറി ഉടമ മനാഫ്' എന്ന യുട്യൂബ് ചാനല്‍ വഴി നല്‍കിയിരുന്നെന്നും എന്നിട്ട് 600 പേര്‍ കാണുന്നുണ്ട്, 700 പേര്‍ കാണുന്നുണ്ട്, അടിപൊളിയാണ് എന്നൊക്കെ അവര്‍ പറഞ്ഞിരുന്നെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.
അര്‍ജുന്റെ കുടുംബം മനാഫിനെതിരെ രംഗത്തെത്തിയതോടെ മനാഫിന്റെ യുട്യൂബ് പേജിനെതിരെ കടുത്ത സൈബര്‍ ആക്രമണം ഉണ്ടായി. സംഘപരിവാര്‍ ഹാന്‍ഡിലുകളാണ് മനാഫിന്റെ യുട്യൂബ് ചാനലിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ ഇതിനു പ്രതിരോധം തീര്‍ത്തുകൊണ്ട് മറ്റൊരു വിഭാഗം മനാഫിന്റെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ആഹ്വാനം നല്‍കുകയായിരുന്നു.