ലോകസഭാ തിരെഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശൂരും വിജയം ഉറപ്പെന്ന വിലയിരുത്തലുമായി ബിജെപി നേതൃത്വം. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും ബൂത്ത് തലത്തില്‍ നിന്നുള്ള കണക്കുകള്‍ വിലയിരുത്തി സംസ്ഥാന നേതൃത്വം പറയുന്നു. ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല 20 ശതമാനം വോട്ടുവിഹിതം നേടുമെന്നും ബിജെപി സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു.
തിരുവനന്തപുരത്ത് ശശി തരൂരിനെ രണ്ടാമനാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും. നേമം, വട്ടിയൂര്‍ക്കാവ്,കഴക്കൂട്ടം എന്നീ മേഖലകളിലെ വോട്ടുകളാകും ബിജെപിയുടെ വിജയത്തിന് നിര്‍ണായകമാകുക. പാറശാലയില്‍ രണ്ടാം സ്ഥാനത്തും കോവളത്തും നെയ്യാറ്റിന്‍കരയിലും മൂന്നാമതാണെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. തൃശൂരില്‍ കോണ്‍ഗ്രസിനെ രണ്ടാമതാക്കി സുരേഷ് ഗോപി വിജയിക്കും. നാല് ലക്ഷത്തോളം വോട്ടുകള്‍ ലഭിക്കും. ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 3 ലക്ഷം വോട്ടെങ്കിലും പാര്‍ട്ടി പിടിക്കുമെന്നാണ് ബിജെപി കണക്കാക്കുന്നത്. കെ സുരേന്ദ്രന്‍ മത്സരിച്ച വയനാട്ടില്‍ വിജയിക്കില്ലെങ്കിലും വോട്ട് ഇരട്ടിയാക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.