ചിലതൊക്കെ നടക്കുമെന്ന് പ്രതീതി ജനിപ്പിച്ചെങ്കിലും ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പതിവുപോലെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പര്യവസാനിച്ചിരിക്കുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കണ്ടത് ഒരു കാവ്യനീതിയുടെ പുലര്‍ച്ചയാണ്.
പണ്ട് അഹമ്മദ് സാഹിബിനെ പാരവെക്കാന്‍ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ച അതേ ആളുകള്‍ ഇത്തവണ കുഞ്ഞാപ്പ പൊന്നാനിയില്‍ മല്‍സരിക്കട്ടേ എന്ന് തങ്ങളോട് നേരിട്ട് പറഞ്ഞു. കുറ്റിപ്പുറം ഉള്‍കൊള്ളുന്ന പൊന്നാനിയിലേക്ക് ജീവനോടെ താനില്ലെന്ന് മലപ്പുറത്തെ പുലിക്കുട്ടി വെട്ടിത്തുറന്ന് നേതൃയോഗത്തെ അറിയിച്ചു. ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ കുഞ്ഞാലിക്കുട്ടിക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് വേണമെന്ന അഭിപ്രായമായിരുന്നു ലീഗിലെ ബഹുഭൂരിഭാഗം നേതാക്കള്‍ക്കും അണികള്‍ക്കും.
അവസാനം കാരാതോട് വഴി മലപ്പുറത്തേക്ക് പോകുന്ന സര്‍വരുടേയും കയ്യും കാലും പിടിച്ചാണ് കുഞ്ഞാപ്പ മലപ്പുറത്ത് സീറ്റൊപ്പിച്ചെടുത്തത് എന്നാണ് നേതാക്കളുടെ അടക്കം പറച്ചില്‍. ഈ ഗിമ്മിക്കുകളെല്ലാം കണ്ട് അഹമ്മദ് സാഹിബിന്റെ ആത്മാവ് സ്വര്‍ഗ്ഗ ലോകത്തിരുന്ന് ഊറിച്ചിരിക്കുന്നുണ്ടാകുമെന്നും ജലീല്‍ പറഞ്ഞു.