ഇടവഴികളില്‍ പൊലീസ് റോന്ത് ചുറ്റും, നിരീക്ഷണത്തിന് ഡ്രോണുകള്‍; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

നെൽവിൻ വിൽസൺ
വെള്ളി, 14 മെയ് 2021 (20:20 IST)
രോഗവ്യാപനം അതിതീവ്രമായിരിക്കുന്ന നാല് ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 16 നു ശേഷമായിരിക്കും ഈ നാല് സംസ്ഥാനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍വരിക. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. സാധാരണ ലോക്ക്ഡൗണില്‍ നിന്നു വ്യത്യസ്തമായിരിക്കും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. 
 
രോഗബാധിത മേഖലകളില്‍ പുറത്തുനിന്ന് ആരും കയറാതിരിക്കാന്‍ നടപടി സ്വീകരിക്കും. തീവ്ര രോഗബാധിത മേഖലയില്‍ ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുകയെന്നതാണ് ആദ്യത്തെ ഘട്ടം. രോഗബാധിതരുടെ സമ്പര്‍ക്കം കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആ സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. രോഗം ബാധിച്ചവര്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കമ്മ്യൂണിറ്റി വ്യാപനം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.
 
ലോക്ക്ഡൗണില്‍ നിന്ന് വ്യത്യസ്തമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. അവശ്യസര്‍വ്വീസുകള്‍ ലോക്ക്ഡൗണില്‍ പ്രവര്‍ത്തിക്കും. പലചരക്ക് പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയെല്ലാം ലോക്ക്ഡൗണ്‍ കാലത്ത് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. വരാനും പോകാനും ഒറ്റവഴി മാത്രമായിരിക്കും. ആ വഴിയില്‍ ശക്തമായ പരിശോധകള്‍ ഏര്‍പ്പെടുത്തും. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരിക്കും പരിശോധനകള്‍ നടത്തുന്നത്. പല വഴിയിലൂടെ ഒരു പ്രദേശത്ത് എത്താന്‍ സാധിക്കുന്ന വഴികള്‍ എല്ലാം അടച്ചിടും.
 
ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. പൊലീസ് നിയന്ത്രണം ശക്തമാക്കും. ഇടവഴികളില്‍ അടക്കം പൊലീസ് പട്രോളിങ് നടത്തും. ബൈക്കുകളിലും പൊലീസ് നിരീക്ഷണം കര്‍ശനമാക്കും. എവിടെയെങ്കിലും ആളുകള്‍ കൂട്ടം കൂടുകയോ അനാവശ്യമായി പുറത്തിറങ്ങുകയോ ചെയ്യുന്നുണ്ടോ എന്ന് നോക്കാന്‍ പൊലീസ് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും. സിസിടിവികള്‍ ഉപയോഗിച്ചും നിരീക്ഷണം കര്‍ശനമാക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article