സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മേല്‍ക്കൈ. അതേസമയം, സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ രണ്ട് കോര്‍പ്പറേഷനുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളിലാണ് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തത്.
തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇടതുമുന്നണി 23 സീറ്റും ഐക്യമുന്നണി 21 സീറ്റും നേടിയപ്പോള്‍ ആറ് സീറ്റുകള്‍ ബിജെപിക്കൊപ്പം നിലകൊണ്ടു. അഞ്ച് സീറ്റുകളില്‍ മറ്റുള്ളവര്‍ക്കാണ് ജയം. ആകെ 55 സീറ്റുകളുള്ള ഇവിടെ ഭരിക്കാന്‍ 28 സീറ്റുകളെങ്കിലും ലഭിക്കണം.
അതുപോലെ, തിരുവനന്തപുരം കോര്‍പ്പറേഷനിലും ആര്‍ക്കും ഭൂരിപക്ഷമില്ല. ആകെ 100 സീറ്റുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണത്തിന് വേണ്ടത് 51 സീറ്റാണ്. എന്നാല്‍, ഏറ്റവും കൂടുതല്‍ സീറ്റു നേടിയ എല്‍ ഡി എഫിന് 42 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇവിടെ രണ്ടാമത് എത്തിയ ബി ജെ പി 34 സീറ്റുകളിലാണ് വിജയിച്ചത്. 21 സീറ്റുകളില്‍ മാത്രം വിജയിച്ച യു ഡി എഫ് ഇവിടെ മൂന്നാം സ്ഥാനത്താണ്. മൂന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് ഇവിടെ വിജയിച്ചിരിക്കുന്നത്.
കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളാണ് എല്‍ ഡി എഫ് നേടിയത്. കൊല്ലം കോര്‍പ്പറേഷനില്‍ ആകെയുള്ള 55 സീറ്റുകളില്‍ 35 സീറ്റുകളില്‍ ജയിച്ച് എല്‍ ഡി എഫ് ഭരണത്തിലെത്തി. യു ഡി എഫ് ഇവിടെ 16 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെ പി രണ്ടും മറ്റുള്ളവര്‍ രണ്ടും നേടി.
കോഴിക്കോട് കോര്‍പ്പറേഷനില്‍ ആകെയുള്ള 75 സീറ്റില്‍ 47 സീറ്റും നേടി എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തി. യു ഡി എഫ് ഇവിടെ 20 സീറ്റുകളില്‍ ഒതുങ്ങി. ഇവിടെ, ഏഴ് സീറ്റുകളില്‍ ബി ജെ പി വിജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി വിജയിച്ചു.
കൊച്ചി, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ ആണ് യു ഡി എഫ് വിജയിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ ആകെയുള്ള 74 സീറ്റില്‍ 38 സീറ്റുകള്‍ നേടി യു ഡി എഫ് ഭരണം നിലനിര്‍ത്തി. എല്‍ ഡി എഫിന് ഇവിടെ 23 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ബി ജെ പി രണ്ടു സീറ്റുകളും സ്വതന്ത്രര്‍ 11 സീറ്റുകളും നേടി.
കണ്ണൂര്‍, കോര്‍പ്പറേഷനില്‍ 55 സീറ്റുകളില്‍ യു ഡി എഫ് 27 സീറ്റുകളിലും എല്‍ ഡി എഫ് 26 സീറ്റുകളിലും വിജയിച്ചു. രണ്ടു സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ എല്‍ ഡി എഫ് സ്വതന്ത്രനും മറ്റേയാള്‍ യു ഡി എഫ് വിമതനുമാണ്. യു ഡി എഫ് വിമതനായി ജയിച്ച ആള്‍ യു ഡി എഫിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.