സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒക്ടോബറിൽ തന്നെ നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തീയതി ഉടൻ തന്നെ പ്രഖ്യാപിക്കണം. നാളെത്തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള ശ്രമം ഒരുതരത്തിലും അനുവദിക്കില്ല. നവംബർ ഒന്നുമുതൽ അഡ്മിനിസ്ട്രേറ്റർ ഭരണം കൊണ്ടുവന്ന് വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കാനാണ് യുഡിഎഫിന്റെ ശ്രമം. ഇതും ഒരു കാരണവശാലും അനുവദിക്കാനാകില്ല. നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കണം. തിരഞ്ഞെടുപ്പ് ഒക്ടോബറിൽത്തന്നെ നടത്തണം. നാളെ നടക്കുന്ന യോഗത്തോടെതന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്ന രീതിയിലാകണം തീരുമാനങ്ങളെന്നും കോടിയേരി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ഒക്ടോബറിൽ നടത്താതെ മാറ്റി വച്ചാൽ നവംബർ ശബരിമല തീർത്ഥാടന കാലമാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും മാറ്റിവയ്ക്കാം. ഇത്തരത്തിൽ അനിശ്ചിതകാലത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാവനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. അഡ്മിനിസ്‌ട്രേറ്റർ ഭരണംകൊണ്ടുവന്ന് ഇടതുപക്ഷ ഭരണമുള്ള പഞ്ചായത്തുകൾകൂടി പിടിക്കാനുള്ള യു.ഡി.എഫിന്റെ ശ്രമമാണ് ഇതിനു പിന്നിൽ. തദ്ദേശ സ്ഥാപനങ്ങളിൽ നിയമിക്കാനുള്ള അഡ്മിനിസ്‌ട്രേറ്റർമാരുടെ ലിസ്റ്റ് പോലും യു.ഡി.എഫ് തയ്യാറാക്കി വച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ഇത്തരം നീക്കങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിൽക്കരുത്. ഇതുമായി ബന്ധപ്പെട്ട് എന്തു തീരുമാനമെടുക്കുന്നതിനുമുള്ള അധികാരം ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ തിരഞ്ഞെടുപ്പ് കമ്മിഷനാകണം. ഇക്കാര്യത്തിൽ നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുന്ന കാര്യവും പരിഗണിക്കുമെന്ന് കോടിയേരി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നടത്തുന്നതിൽ ഹൈക്കോടതി നിർദ്ദേശം പാലിക്കാനുള്ള ബാദ്ധ്യത തിരഞ്ഞെടുപ്പ്കമ്മീഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷന് പിന്തുണ നൽകേണ്ട സർക്കാർ തിരഞ്ഞെടുപ്പ് നീട്ടാൻ ശ്രമിച്ച് കമ്മിഷനെ പ്രതിസന്ധിയിലാക്കുകയാണ്- കോടിയേരി ആരോപിച്ചു