കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് സഹായികളെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവ്. മണിയുടെ മാനേജറായിരുന്ന ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്‍, വിബിന്‍, അരുണ്‍, അനീഷ് എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കാനാണ് ചാലക്കുടി ഫസ്‌ററ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.
നുണ പരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന് ചാലക്കുടി പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ച കോടതി ആറു പേര്‍ക്കെതിരേയും നോട്ടീസ് അയച്ചു വിളിപ്പിച്ച് സമ്മതം വാങ്ങിയിരുന്നു. ഉത്തരവിന്റ പകര്‍പ്പ് ലഭിച്ച ഉടന്‍ തിരുവനന്തപുരത്തെ ലാബില്‍ നിന്ന് പരിശോധനാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ചാലക്കുടി പൊലീസ് അറിയിച്ചു.
കേന്ദ്ര സംസ്ഥാന ലാബുകളില്‍ മണിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ചതില്‍ വ്യത്യസ്ത ഫലങ്ങളായിരുന്നു പുറത്തു വന്നത്. ശരീരത്തില്‍ മീഥേല്‍ ആല്‍ക്കഹോളിന്റെയും ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെയും സാന്നിധ്യം കണ്ടെത്തിയതാണ് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന ദുരൂഹത വര്‍ദ്ധിപ്പിച്ചത്. ഇവയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരേയും പൊലീസിനു സാധിച്ചിട്ടില്ല.