പി.വി.അന്‍വറിനെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ എല്‍ഡിഎഫ്

രേണുക വേണു
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (08:43 IST)
പി.വി.അന്‍വര്‍ എംഎല്‍എയെ പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ എല്‍ഡിഎഫ്. നിലവില്‍ സിപിഎമ്മിന്റെ സ്വതന്ത്ര എംഎല്‍എയാണ് അന്‍വര്‍. നിരന്തരമായി അച്ചടക്കലംഘനം നടത്തിയ സാഹചര്യത്തിലാണ് അന്‍വറിനെ പുറത്താക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക തീരുമാനം ഉടന്‍ പ്രഖ്യാപിക്കും. സിപിഎം സ്വതന്ത്ര എംഎല്‍എ എന്ന നിലയില്‍ അന്‍വറിനു ഇനി നിയമസഭയില്‍ ഇരിക്കാന്‍ സാധിക്കില്ല. അതേസമയം എല്‍ഡിഎഫിനോ യുഡിഎഫിനോ ഒപ്പമായിരിക്കില്ല താനെന്നും നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് എന്ന നിലയില്‍ തുടരുമെന്നുമാണ് അന്‍വറിന്റെ നിലപാട്. 
 
അന്‍വര്‍ ഇടതുപക്ഷ രാഷ്ട്രീയ നിലപാടില്‍ നിന്ന് മാറുന്നുവെന്നാണ് മനസിലാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലാണ് ഗോവിന്ദന്‍ ഇപ്പോള്‍ ഉള്ളത്. പിബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനുമായി പാര്‍ട്ടി സെക്രട്ടറി ഇന്ന് ചര്‍ച്ച നടത്തും. ഇതിനു ശേഷം എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളെ കാണാനാണ് സാധ്യത. പാര്‍ട്ടിക്കും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരായി പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങളാണ് അന്‍വര്‍ ആരോപിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു. 
 
അന്‍വറിനെ പൂര്‍ണമായി തള്ളുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. അന്‍വറിന്റെ കടന്നാക്രമണം ആസൂത്രിതമാണെന്നും മാധ്യമങ്ങള്‍ അന്‍വറിനെ ഉപയോഗിക്കുകയാണെന്നുമാണ് പാര്‍ട്ടി നിലപാട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article