ലാവലിൻ കേസ് ഇപ്പോൾ നിലവിലില്ല, ദേശീയ പാത വികസനത്തിന്റെ പണിതുടങ്ങുന്നതിന് കേന്ദ്രത്തിന്റെ ഇളവ് കിട്ടി; വിലക്കയറ്റം തടയുമെന്ന് പിണറായി വിജയൻ

Webdunia
ശനി, 18 ജൂണ്‍ 2016 (15:28 IST)
ദേശീയ പാത വികസനത്തിന്റെ പണിതുടങ്ങുന്നതിന് കേന്ദ്രത്തിന്റെ ഇളവ് കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 ശതമാനം ഭൂമി ഏറ്റെടുത്താൽ പണി തുടങ്ങാമെന്ന് കേന്ദ്രം സമ്മതിച്ചുവെന്നും പിണറായി വിജയൻ വ്യക്തമാക്കി. ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഓൾ ഇന്ത്യ മെഡിക്കൽ സെന്റർ തുടങ്ങണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിക്കാൻ കേന്ദ്രസംഘം കേരളത്തിൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലബാർ ക്യാൻസർ സെന്റരിനുള്ള കേന്ദ്രത്തിനുള്ള അപേക്ഷ മുൻസർക്കാർ നൽകിയിരുന്നില്ല എന്നും രാഷ്ട്രീയ പ്രവർത്തനത്തിന് പ്രായം തടസ്സമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാവ്‌ലിൻ കേസ് ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കേസ് നിലനിൽക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കിയെന്നും പിണറായി പറഞ്ഞു. 
 
വിലക്കയറ്റം ബന്ധപ്പെട്ട നടപടിയിലേക്ക് കടന്നിട്ടുണ്ട്. അവശ്യസാധനങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ സാധനങ്ങൾക്ക് വിലകയറാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.അതോടൊപ്പം, വി എസ് അച്യുതാനന്ദന് കാബിനെറ്റ് പദവി നൽകുന്നതിനെക്കുറിച്ച് സർക്കാരിന് മുന്നിൽ നിർദേശമൊന്നുമില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
 
ജിഷകേസിൽ വ്യക്തത വന്നിട്ടുണ്ടെന്നും ബാക്കി അന്വേഷണ സംഘം നോക്കിക്കോളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്ക് പുറകിൽ ആർ എസ് എസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
Next Article