പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദത്തിലായിരിക്കുന്നത് നടന്‍ ദിലീപ് ആണ്. നടിക്ക് പ്രതിയായ സുനില്‍ കുമാറുമായി അടുത്ത ബന്ധമുണ്ടെന്ന് സംവിധായകന്‍ ലാല്‍ പറഞ്ഞതായി ദിലീപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ലാല്‍ അത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ, വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലാല്‍.
നടിയും പള്‍സര്‍ സുനിയും ഷൂട്ടിങ് സെറ്റിൽ കണ്ടു പരിചയം ഉണ്ടെന്നാണു താൻ ദിലീപിനോടു പറഞ്ഞതെന്നും അതിനപ്പുറം അടുപ്പമോ സൗഹൃദമോ ഉണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ലാൽ വിശദീകരിക്കുന്നു. ദിലീപും ഉദ്ദേശിച്ചത് അതു തന്നെയായിരിക്കും. ഈ വിഷയത്തിൽ ഉയരുന്ന ആരോപണങ്ങളിൽ ദിലീപ് ഏറെ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്യാൻ ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയല്ല ദിലീപെന്നാണ് ലാലിന്റെ വിശദീകരണം.
ഹണിബീ 2വിന്റെ ലൊക്കേഷന്‍ സമയത്ത് സുനില്‍ ആയിരുന്നു ഡ്രൈവര്‍. ഈ മുന്‍പരിചയത്തിന്റെ കാര്യമാവും ദിലീപ് സൂചിപ്പിച്ചത്. ഇപ്പോള്‍ ഞാനത് നിഷേധിച്ചാല്‍ ദിലീപ് വലിയ കുഴപ്പത്തിലാകും. അതിന്റെ കാര്യം എനിക്കില്ല. എന്നാല്‍, മിണ്ടാതിരുന്നാല്‍ അത് അംഗീകരിക്കുന്നതിന് തുല്യമാവുകയും ചെയ്യുമെന്ന് ലാല്‍ വ്യക്തമാക്കുന്നു. ദിലീപ് ഈ കേസിൽ നൂറുശതമാനം സത്യസന്ധനാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാനെന്ന് ലാല്‍ പറയുന്നു.