സ്കൂട്ടര്‍ യാത്രക്കാരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

Webdunia
വ്യാഴം, 2 ഒക്‌ടോബര്‍ 2014 (11:36 IST)
ജോലിസ്ഥലത്തുനിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ വഴിയരികില്‍ കാത്തുനിന്ന് യുവാവ് മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. കോടാലി ചെമ്പുച്ചിറ തുണ്ടുപറമ്പില്‍ സന്തോഷിന്റെ ഭാര്യ സിന്ധു (28) വിന്റെ ഇരുകൈകള്‍ക്കും വെട്ടേറ്റു. ഇടതുകൈ അറ്റുപോകാറായ നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തലോര്‍ സ്വദേശി ഡോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. 
 
ഗുഡ്‌സ് ഷെഡ് റോഡിന് സമീപത്തെ ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സിന്ധു. വീട്ടമ്മ വരുന്നതും നോക്കി റോഡരികില്‍ കാത്തുനിന്ന യുവാവ് കൈകളില്‍ തുരുതുരാ വെട്ടുകയായിരുന്നു. ദേഹത്ത് വെട്ടാനുള്ള ശ്രമത്തിനിടെ വണ്ടിയും യുവതിയും റോഡിലേക്ക് വീണു. സംഭവം കണ്ട് ആളുകള്‍ എത്തിയതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ ഒല്ലൂര്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തു.
 
സിന്ധു ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്നയാളാണ് ആക്രമണം നടത്തിയ ഡോണ്‍. സിന്ധുവും ഡോണും ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോള്‍ ഇവര്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നടന്നിരുന്നു. ഇതിന്റെ പേരില്‍ കൊടകര പൊലീസില്‍ സിന്ധു ഡോണിനെതിരെ പരാതിയും നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.