കുവൈറ്റില്‍ പള്ളിയില്‍ സ്ഫോടനം: 25 പേര്‍ കൊല്ലപ്പെട്ടു

Webdunia
വെള്ളി, 26 ജൂണ്‍ 2015 (17:16 IST)
നമസ്കാരത്തിനിടെ കുവൈറ്റിലെ പള്ളിയില്‍ സ്ഫോടനം. ചാവേർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതേസമയം,  202 പേർക്ക് പരുക്കേറ്റതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചുവ. കുവൈത്ത് സിറ്റിയിലെ അൽ സവാബറിലുള്ള അൽ ഇമാം അൽ സാദിഖ് മസ്ജിദിൽ ജുമാനമസ്കാര സമയത്തായിരുന്നു സ്ഫോടനം. രണ്ടായിരത്തോളം ആളുകൾ നമസ്കാരത്തിനായി പള്ളിയിലുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‍ലാമിസ് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.

പള്ളിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

മുപ്പതുവയസിനു താഴെ പ്രായമുള്ള ആളാണ് ചാവേർ ആയതെന്നാണ് സൂചന. സംഭവം നടന്നയുടൻ പൊലീസും സുരക്ഷാവിഭാഗവും പള്ളിയും പരിസരപ്രദേശങ്ങളും വലയത്തിലാക്കി. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സംഭവസ്ഥലം നേരിട്ട് സ്ഥലം സന്ദർശിച്ചു. മൃതദേഹങ്ങളും പരിക്കേറ്റവരെയും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രികളിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയാണ് അധികൃതർ സാഹചര്യങ്ങളെ നേരിട്ടത്. പള്ളിയോട് ചേർന്നുള്ള മേഖലയിൽ കൂട്ടംകൂടി നിൽക്കുന്നതും മാർഗതടസങ്ങൾ ഉണ്ടാക്കുന്നതും ഒഴിവാക്കാൻ പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.