കുട്ടനാട് പാക്കേജിന് പുതുജീവന്‍ ‍; കാലാവധി 2016വരെ നീട്ടി

Webdunia
ശനി, 25 ഒക്‌ടോബര്‍ 2014 (14:59 IST)
കുട്ടനാട് പാക്കേജിന്റെ കാലാവധി കേന്ദ്രസര്‍ക്കാര്‍ 2016 ഡിസംബര്‍ വരെ നീട്ടി. കേരള സര്‍ക്കാരിന്‍റെ അഭ്യര്‍ഥന പ്രകാരം മൂന്നു പദ്ധതികളുടെ കാലാവധിയാണ് നീട്ടിയിരിക്കുന്നത്. ഈ വിഷയത്തില്‍ കേന്ദ്ര ജലകമ്മീഷന്റെ അറിയിപ്പ് ലഭിച്ചതായി ജലസേചന മന്ത്രി പിജെ ജോസഫ് പറഞ്ഞു.

കുട്ടനാട് മേഖലയില്‍ 231 പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണത്തിന്റെയും ഓണാട്ടുകര മേഖലയില്‍ 249 കോടിരൂപ ചെലവിട്ട് നടത്തുന്ന നിര്‍മാണങ്ങളുടെയും കാലാവധിയാണ് 2016വെരെ നീട്ടിയത്. ഇതിനൊപ്പം തണ്ണീര്‍മുക്കം ബണ്ട് നവീകരണത്തിനുള്ള 255.34 കോടിയുടെ പദ്ധതിയും കേന്ദ്രം അംഗീകരിച്ചു.

ഗ്രൂപ്പ് ഒന്ന് പാടശേഖരങ്ങളിലെ 24.70 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 2015 മാര്‍ച്ച് വരെയാണ് സമയം അനുവദിച്ചത്. പാക്കേജിന്റെ ഭാഗമായ മുഴുവന്‍ പദ്ധതികളുടെയും സമയപരിധി നീട്ടുന്നതിനുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ജലവിഭവ മന്ത്രി പിജെ ജോസഫ് അറിയിച്ചു.

കുട്ടനാട് പാക്കേജിന്റെ കാലാവധി 2012ല്‍ അവസാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ പാക്കേജ് കാലാവധി നീട്ടി നല്‍കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര കൃഷി മന്ത്രിയെ നേരില്‍കണ്ട് ആവശ്യപ്പെട്ടിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.