എട്ടുലക്ഷത്തിൻ്റെ സാമ്പത്തിക ബാധ്യത ഭർത്താവിൽ നിന്നും മറച്ചുവെച്ചു, എലിവിഷത്തെ പറ്റി ഗൂഗിളിൽ തിരഞ്ഞത് തെളിവായി: കൂടത്തായി മോഡൽ കൊലപാതകത്തിൻ്റെ ഞെട്ടലിൽ നാട്ടുകാർ
സ്വത്ത് തട്ടിയെടുക്കാനായി യുവതി സ്വന്തം അമ്മയ്ക്ക് വിഷം നൽകി കൊലപ്പെടുത്തിയതിൻ്റെ ഞെട്ടലിലാണ് കുന്നംകുളം കിഴൂർ നിവാസികൾ.ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുക്മിണി(58)യുടേത് അസുഖബാധയെ തുടര്‍ന്നുള്ള സാധാരണ മരണമായിരുന്നുവെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. ഇക്കഴിഞ്ഞ ദിവസം രുക്മിണിയുടെ മകൾ ഇന്ദുലേഖ(39)യെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതക വാർത്ത പുറംലോകമറിഞ്ഞത്.
തിങ്കളാഴ്ചയാണ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രുക്മിണി മരിച്ചത്. മഞ്ഞപ്പിത്തമെന്ന് പറഞ്ഞാണ് ഇന്ദുലേഖയെ കുന്നംകുളത്തെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ രുക്മിണിയുടെ ശരീരത്തിൽ വിഷാംശമുണ്ടെന്ന സൂചനലഭിച്ചതോടെ ഡോക്ടർമാർ ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കുടുംബാംഗങ്ങളെയും മകളായ ഇന്ദുലേഖയേയും ചോദ്യം ചെയ്തതോടെ കേസ് തെളിഞ്ഞു.
വിവാഹിതയും രണ്ട് മക്കളുമുള്ള ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തോളം രൂപയുടെ സാമ്പത്തികബാധ്യതയുണ്ടായിരുന്നു. സ്വർണം പണയം വെച്ചാണ് ഇത്രയും ബാധ്യത വന്നതെന്നാണ് കരുതുന്നത്. എന്നാൽ വിദേശത്തുള്ള ഭർത്താവിന് ഇതേ പറ്റി അറിയുമായിരുന്നില്ല. ഭർത്താവ് 18ന് നാട്ടിൽ വരാനിരിക്കെ മാതാപിതാക്കളെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള 14 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഇന്ദുലേ ലക്ഷ്യമിട്ടതെന്നാണ് പോലീസ് കരുതുന്നത്.
ചോദ്യംചെയ്യലിൻ്റെ ആദ്യഘട്ടത്തിൽ ഇന്ദുലേഖ വിവരങ്ങളൊന്നും നൽകിയിരുന്നില്ലെങ്കിലും ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ എലിവിഷത്തെ പറ്റിയും അത് കഴിച്ചാൽ മരണമെങ്ങനെ സംഭവിക്കും എന്നതിനെ പറ്റിയും ഗൂഗിളിൽ തിരഞ്ഞതായി കണ്ടെത്തി. ഇക്കാര്യം ചോദിച്ചതോടെ കുറ്റം ഇന്ദുലേഖ സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അമ്മയ്ക്കൊപ്പം അച്ഛൻ ചന്ദ്രന് ചായയിൽ വിഷം കലർത്തി നൽകാനും ഇന്ദുലേഖ ശ്രമിച്ചിരുന്നു. എന്നാൽ ചായ രുചിച്ചപ്പോൾ കയ്പുരസം തോന്നിയ ചന്ദ്രൻ ചായ കുടിച്ചില്ല.
അതേസമയം ഇത്തരമൊരു കൊലപാതകം നടന്നതിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ.ഛര്‍ദി കാരണം രുക്മിണിയെ ആശുപത്രിയില്‍ കൊണ്ടുപോയതാണെന്നാണ് തങ്ങളെല്ലാം കരുതിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം എങ്ങനെയാണ് ഇന്ദുലേഖയ്ക്ക് ഇത്രയും കടബാധ്യത വന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇന്ദുലേഖയെ വിശദമായ ചോദ്യം ചെയ്താൽ സാമ്പത്തിക ബാധ്യതയെ പറ്റിയും കൊലപാതകത്തിൻ്റെ ആസൂത്രണത്തെ പറ്റിയും കൂടുതൽ വിവരങ്ങൾ അറിയുമെന്നാണ് പോലീസ് കരുതുന്നത്.