പലപ്പോഴായി അമ്മയ്ക്ക് ചെറിയ അളവില്‍ വിഷം നല്‍കി, രുഗ്മിണിയുടെ കരളിന് നാശം സംഭവിച്ചിരുന്നു; മാതാപിതാക്കളെ അപായപ്പെടുത്താന്‍ ഇന്ദുലേഖ മുന്‍കൂട്ടി പദ്ധതിയിട്ടു !

വ്യാഴം, 25 ഓഗസ്റ്റ് 2022 (16:24 IST)
തൃശൂര്‍ കുന്നംകുളം കീഴൂരില്‍ അമ്മയെ മകള്‍ വിഷം കൊടുത്തു കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഇന്ദുലേഖ രണ്ടുമാസം മുന്‍പും മാതാപിതാക്കളെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അമ്മ രുഗ്മിണിയ്ക്ക് വിഷം നല്‍കിയതിന്റെ അവശിഷ്ടങ്ങളും, എലിവിഷം നല്‍കുന്നതിന് ഉപയോഗിച്ച പാത്രവും കണ്ടെടുത്തതായി എസ്.പി. ടി.എസ്.സിനോജ് പറഞ്ഞു. പ്രതിയായ ഇന്ദുലേഖയെ ഇന്നു രാവിലെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റസമ്മതം നടത്തി. 
 
ഇന്ദുലേഖ കുന്നംകുളത്തെ കടയില്‍ നിന്നാണ് എലിവിഷം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കടയിലെത്തിച്ചും തെളിവെടുത്തു. ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് കേസിലെ നിര്‍ണായക സൂചനകള്‍ പൊലീസിനു ലഭിച്ചത്. എലിവിഷത്തെ കുറിച്ച് ഇന്ദുലേഖ ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ട്. 
 
ഇന്ദുലേഖ അമ്മയ്ക്ക് നിരവധി തവണ ചെറിയ അളവില്‍ വിഷം നല്‍കിയിരുന്നതായാണ് സൂചന. സ്ലോ പോയിസണിങ്ങിലൂടെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. വിഷാംശം നിരന്തരം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് രുഗ്മിണിയുടെ കരളിന് വലിയ തോതില്‍ നാശം സംഭവിച്ചിരുന്നതായും ഡോക്ടര്‍മാര്‍ കണ്ടെത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍