വിവാദ മാഗസിന്‍: ആറുപേരെ അറസ്റ്റ് ചെയ്തു

Webdunia
വ്യാഴം, 12 ജൂണ്‍ 2014 (09:27 IST)
ലോകത്തെ ഏറ്റവും വലിയ ക്രൂരന്‍മ്മാരുടെ ഗണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ആലേഖനംചെയ്ത് പുറത്തിറക്കിയ കോളേജ് മാഗസിന്റെ സ്റ്റാഫ് എഡിറ്റര്‍ അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പോളിടെക്‌നിക് കോളേജ് പുറത്തിറക്കിയ 'ലിറ്റ്‌സോക്‌നിഗ' (Litoskniga) മാഗസിനാണ് വിവാദത്തില്‍പ്പെട്ടത്. ഇതിനെ തുടര്‍ന്ന് മാഗസിന്റെ സ്റ്റാഫ് എഡിറ്റര്‍ കൂടിയായ അധ്യാപകന്‍ ഗോപി, സ്റ്റുഡന്റ് എഡിറ്റര്‍ സിഎസ്. പ്രവീണ്‍, സബ് എഡിറ്റര്‍മാരായ പിആര്‍ നിഖില്‍, ജിസ്മാന്‍ ജെയിംസ്, കെഎം ശ്യാം, മാഗസിന്‍ ഡിസൈന്‍ ചെയ്ത പ്രിസ്റ്റോ കമ്പനിയിലെ രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് പോലീസ് ജാമ്യത്തില്‍വിട്ടു. കേസിലെ ഒന്നാംപ്രതി കോളേജ് പ്രിന്‍സിപ്പലും ചീഫ് എഡിറ്ററുമായ എംഎന്‍ കൃഷ്ണന്‍കുട്ടി അസുഖബാധിതനായതിനാല്‍ അറസ്റ്റ് ചെയ്തില്ല.

കുന്നംകുളം ഗവ പോളിടെക്‌നിക് കോളേജ് റെയ്ഡ് ചെയ്ത പോലീസ് 292 മാഗസിനുകളും ബില്ലുകളും വൌച്ചറുകളും പിടിച്ചെടുത്തു. മാഗസിന്‍ പ്രിന്റ് ചെയ്ത ഡിസൈനിങ് കമ്പനിയുടെ കമ്പ്യൂട്ടറും ഹാര്‍ഡ്ഡിസ്‌കും പോലീസ് കണ്ടെടുത്തു. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള  കോളേജ് യൂണിയനാണ് മാഗസിന്‍ പുറത്തിറക്കിയത്.