ബിജെപിയാണ് കേരള രാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നതെന്ന് കുമ്മനം; സിപിഎമ്മിന്റെ വെല്ലുവിളി നേരിടാന്‍ താനും പ്രവര്‍ത്തകരും തന്നെ ധാരാളം

Webdunia
വ്യാഴം, 5 ഒക്‌ടോബര്‍ 2017 (16:53 IST)
കേരളത്തിലല്ലാതെ ഏതു സംസ്ഥാനത്താണ് സിപിഎമ്മിന് ജാഥ നടത്താന്‍ കഴിയുകയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ജനരക്ഷായാത്ര പര്യടനം തുടങ്ങിയതോടെയാണ് ബിജെപിക്കെതിരെ സിപിഎം ദേശീയ തലത്തില്‍ ജാഥ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നതു ബിജെപിയാണെന്ന വസ്തുതയാണ് ഇതില്‍നിന്നും വ്യക്തമാകുന്നതെന്നും കുമ്മനം പറഞ്ഞു.  
 
സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്ന ഈ ജനരക്ഷായാത്ര കേരളത്തിനെതിരെയല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെയാണെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്ര ആരംഭിച്ചതോടെ ബിജെപിക്കെതിരെ എല്ലാ ഭാഗത്തുനിന്നും നിരന്തര വിമര്‍ശനമാണ് ഉയരുന്നത്. പാര്‍ട്ടിയുടെ ശക്തിയാണ് അതു തെളിയിക്കുന്നതെന്നും ജനരക്ഷായാത്രയുടെ മൂന്നാം ദിന പര്യടന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കവെ അദ്ദേഹം വ്യക്തമാക്കി. 
 
മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ ജാഥ കടന്നു പോകുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ അതിയായി ആഗ്രഹിച്ച വ്യക്തിയായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍, ജിഎസ്ടിയുമായി ബന്ധപ്പെട്ടും മറ്റും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്താനുള്ളതിനാലാണ് അദ്ദേഹത്തിന് ഇന്ന് കേരളത്തിലേക്ക് വരാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
ഇത്രയും പ്രധാന്യമര്‍ഹിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, പ്രധാനപ്പെട്ട ചുമതലകള്‍ ഡല്‍ഹിയില്‍ നിറവേറ്റാനുള്ളപ്പോള്‍ താങ്കള്‍ വരേണ്ട കാര്യമില്ലെന്നും, ഇവിടെ സിപിഎമ്മിന്റെ വെല്ലുവിളി നേരിടാന്‍ താനും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ ധാരാളമാണെന്നും താന്‍ പറഞ്ഞെന്നും കുമ്മനം വ്യക്തമാക്കി. ജാഥയില്‍ പങ്കെടുക്കാന്‍ അമിത് ഷാ പിന്നീട് കേരളത്തിലെത്തുമെന്നും കുമ്മനം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article