കെഎസ്ആര്‍ടിസി ബസും ബൈക്കും ഇടിച്ച് രണ്ട് മരണം

Webdunia
വെള്ളി, 7 ഓഗസ്റ്റ് 2015 (12:14 IST)
തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ വെട്ടിക്കലില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പഴയന്നൂർ സ്വദേശി റഷീദിന്റെ ഭാര്യ സഫിയ, മകൾ ഫാത്തിയ എന്നിവരാണ് മരിച്ചത്. റഷീദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നുരാവിലെ 10.45 ഓടെയാണ് അപകടം. പട്ടിക്കാട് ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അതേസമയം, ഹൈവേ പൊലിസിന്റെ വാഹന പരിശോധനയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.

ഹൈവേ പൊലിസ് ഒരു ലോറിക്ക് കൈകാണിച്ച് നിര്‍ത്തിക്കുന്നതിനിടെ കടന്നുവന്ന ബസും എതിരെ വന്ന ബൈക്കും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തല റോഡിലടിച്ച് തകര്‍ന്നു. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ബൈക്കോടിച്ചിരുന്നയാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. ഹൈവേ പൊലിസിന്റെ  വാഹന പരിശോധനയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചതോടെ പൊലീസ് വാഹനപരിശോധന അവസാനിപ്പിച്ച് രക്ഷാപ്രവര്‍ത്തനം പോലും നടത്താതെ രക്ഷപ്പെടുകയായിരുന്നു.

ഇതോടെ ജനങ്ങള്‍ കൂട്ടമായെത്തുകയും ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുകയുമായിരുന്നു. കാര്‍ഷിക സര്‍വകലാശാലയിലെ ഉപരോധ സമരത്തിന് പിന്തുണയുമായി ഇതുവഴിവന്ന മേയര്‍ രാജന്‍ ജെ പല്ലന്‍ അപകടംകണ്ട് കാര്‍നിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. വെട്ടിക്കലില്‍ ഈ ഭാഗത്ത് ഹൈവേ പോലീസിന്റെ വാഹനപരിശോധന ഉണ്ടാകില്ലെന്ന ഉറപ്പ് മേയര്‍ നല്‍കിയതോടെയാണ് നാട്ടുകാര്‍ ശാന്തരായത്.