ചെന്നൈ വാസികളായ മലയാളികളുടെ നിരന്തര ആവശ്യം പരിഗണിച്ച് സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്ന് ചെന്നൈ സര്‍വ്വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനം. നിലവില്‍ തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എസ്ഇടിസി) കേരളത്തിലെ വിവിധ ഡിപ്പോകളില്‍നിന്ന് ചെന്നൈ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും കെഎസ്ആര്‍ടിസി ഇതുവരെ ചെന്നൈ സര്‍വിസ് തുടങ്ങിയിരുന്നില്ല.
അന്തര്‍സംസ്ഥാന കരാര്‍ അനുസരിച്ച് ചെന്നൈ സര്‍വിസ് നടത്താമെങ്കിലും ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് തെരഞ്ഞെടുത്തിരുന്നില്ല. വരുമാനക്കൂടുതല്‍ ലക്ഷ്യമിട്ടാണ് മറ്റ് അന്തര്‍ സംസ്ഥാന റൂട്ടുകള്‍ തെരഞ്ഞെടുത്തതെന്നാണ് കെഎസ്ആര്‍ടിസി പറയുന്നതെങ്കിലും സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന് ആക്ഷേപം നിലനില്‍ക്കുന്നു.
തിരുവനന്തപുരത്തുനിന്ന് മാത്രം പ്രതിദിനം 23 സ്വകാര്യ ബസാണ് ചെന്നൈക്ക് സര്‍വിസ് നടത്തുന്നുണ്ട്. മറ്റു സ്ഥലങ്ങളില്‍നിന്നായി 70ല്‍ പരം ബസുകളും സര്‍വിസ് നടത്തുന്നുണ്ട്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തിരുവനന്തപുരത്തുനിന്ന് ചെന്നൈക്ക് ഏഴും മറ്റിടങ്ങളില്‍നിന്ന് ഒന്നുവീതവും ആകെ 11സര്‍വിസും നടത്തുന്നുണ്ട്. ഇതിനിടയിലാണ് കെഎസ്ആര്‍ടിസി മാത്രം നഷ്ട കണക്ക് നിരത്തുന്നത്. തമിഴ്‌നാട് സര്‍വിസിന് പ്രതിദിനം 30,000 രൂപവരെയാണ് വരുമാനം. തിരുവനന്തപുരത്തുനിന്ന് മധുര വഴിയും മറ്റിടങ്ങളില്‍നിന്ന് കോയമ്പത്തൂര്‍, സേലം വഴിയുമാണ് സര്‍വിസ്. എല്ലാ സര്‍വിസും ലാഭത്തിലുമാണ്. പുതിയ ബസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാനും കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം ലക്ഷക്കണക്കിന് മലയാളികളാണ് തമിഴ്‌നാട്ടിലുള്ളത്. ചെന്നൈ സര്‍വ്വീസ് ആരംഭിക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യം ശക്തമായിരുന്നു. കേരളത്തിലേക്ക് കെസ്ആര്‍ടിസി സര്‍വ്വീസ് ഇല്ലാത്തതിനാല്‍ സ്വകാര്യ ബസ് ലോബി ടിക്കറ്റിനത്തില്‍ വന്‍ തുകയാണ് ഈടാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മലയാളി വിദ്യാര്‍ത്ഥി മുഖ്യമന്ത്രിയ്ക്ക് കത്ത് എഴുതിയിരുന്നു. ട്രെയിന്‍ ടിക്കറ്റിനായി ഒരു മാസം മുമ്പേ ബുക്ക് ചെയ്യണമെന്നതും. സ്വകാര്യ ബസുകള്‍ ആയിരം മുതല്‍ രണ്ടായിരത്തി അഞ്ഞൂറു രൂപവരെ നിരക്ക് ഇടാക്കുന്നുവെന്നതും യാത്രക്കാരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നമാണ്. ചെന്നൈ, തിരുച്ചിറപ്പള്ളി, പുതുച്ചേറി എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ചെന്നൈയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഏറെ അനുഗ്രഹമാകും.