ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

Webdunia
ചൊവ്വ, 2 മെയ് 2017 (14:21 IST)
കെഎസ്ആർടിസിയിൽ മെക്കാനിക്കൽ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. അംഗീകൃത തൊഴിലാളി യൂണിയനുകള്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പണിമുടക്ക് പിൻവലിക്കാന്‍ തീരുമാനമായത്. സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച മുതല്‍ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. 
 
അറ്റകുറ്റപ്പണി ഏറ്റവും കൂടുതൽ നടക്കുന്ന രാത്രിസമയത്ത് കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനും ഡബിൾ ഡ്യൂട്ടിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് മാനേജ്മെന്റ് സിംഗിൾ ഡ്യൂട്ടി ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. രാത്രിസമയത്താണ് ബസുകളുടെ അറ്റകുറ്റപ്പണി കൂടുതലും നടക്കുന്നത്. അതുകൊണ്ടു പകലുള്ള രണ്ടു സിംഗിൾ ഡ്യൂട്ടിയിൽ വരുന്നവർക്കും കാര്യമായ ജോലിയുണ്ടാകുകയുമില്ല. 
 
അതേസമയം, ജോലി കൂടുതലുള്ള രാത്രിയിലാവട്ടെ ആവശ്യത്തിന് ജോലിക്കാരുമില്ല. ഈ ഒരു പ്രശ്നം പരിഹരിക്കാനാണ് ഡബിൾ ഡ്യൂട്ടി മാറ്റി എല്ലാം സിംഗിൾ ഡ്യൂട്ടിയാക്കിയിരിക്കുന്നത്. ഇതനുസരിച്ച് രാവിലെ ആറുമുതൽ രണ്ടുവരെയും രണ്ടുമുതൽ രാത്രി പത്തുവരെയും പത്തുമുതൽ വെളുപ്പിന് ആറുവരെയുമായിരിക്കും പുതിയ ഷിഫ്റ്റ്. ഇതുവഴി രണ്ടുമണി മുതൽ പിറ്റേന്ന് ആറുവരെ കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്താനും സാധിക്കും. 
Next Article