ചെറുകിട വൈദ്യുത പദ്ധതികള്‍ കമ്മീഷന്‍ ചെയ്യും

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (12:11 IST)
സംസ്ഥാനം രൂക്ഷമായ വൈദ്യുത പ്രതിസന്ധിയില്‍ അകപ്പെട്ടതൊടെ വൈദ്യുതി ക്ഷാമം ഒഴിവാക്കുന്നതിനായി ചെറുകിട വൈദ്യുതി പദ്ധതികള്‍ എത്രയും പെട്ടെന്നു കമ്മിഷന്‍ ചെയ്യാന്‍ കെഎസ്ഇബി തീരുമാനിച്ചു.
 
ആവശ്യമുള്ളതിന്റെ പകുതി വൈദ്യുതി പോലും നിലവില്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് സംസ്ഥാനത്തേ ജലസംഭരണികള്‍. അതിനാലാണ് പദ്ധതികള്‍ എത്രയും പെട്ടെന്ന് കമ്മീഷന്‍ ചെയ്യാന്‍ കെഎസ്ഇബി തീരുമാനിച്ചത്.
 
പള്ളിവാസല്‍ ഉള്‍പ്പടെയുള്ള ചെറുകിട പദ്ധതികളില്‍ സന്ദര്‍ശനം നടത്തിയ കെഎസ്ഇബി ഡയറക്ടര്‍ കറുപ്പന്‍കൂട്ടിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 15ഓടെ പള്ളിവാസിലിന്റെ എക്സ്റ്റന്‍ഷന്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 
 
കൂടാതെ തോട്ടിയാറിലെ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. അതേ സമയം രണ്ടു ദിവസമായി പെയ്ത മഴയില്‍ ഇടുക്കിയില്‍ ഒന്നര അടിയിലേറെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
 
നിലവില്‍ സംഭരണ ശേഷിയുടെ 18.85 ശതമാനം വെള്ളമാണ് ഇടുക്കിയിലുള്ളത്. ഇങ്ങനെ മഴ തുടര്‍ന്നാല്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് അല്‍പ്പം ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണു ബോര്‍ഡ്.