കുമ്മനം രാജശേഖരന്‍ ഗൌരിയമ്മയെ കാണും; ജെഎസ്‌എസിനെ എന്‍ ഡി എയുടെ ഭാഗമാക്കാന്‍ ബിജെപി നീക്കം

Webdunia
വെള്ളി, 1 ഏപ്രില്‍ 2016 (11:27 IST)
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മയുമായി കൂടിക്കാഴ്ച നടത്തും. സി പി എമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ജെ എസ് എസിനെ, എന്‍ ഡി എയുമായി ചേര്‍ക്കാനുള്ള ബി ജെ പിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഇത്. ഇതിന് മുന്നോടിയായി ബി ജെ പി ജില്ല പ്രസിഡന്റ് കെ സോമന്‍ ഗൌരിയമ്മയുമായി കൂടിക്കാഴ്ച നടത്തി.
 
ഇതിനിടെ, എന്‍ ഡി എയുടെ ഭാഗമായ ജെ എസ് എസ് രാജന്‍ ബാബു വിഭാഗവും ഗൌരിയമ്മയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. നേരത്തെ, തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് രൂക്ഷവിമര്‍ശനവുമായി ഗൌരിയമ്മ രംഗത്തെത്തിയിരുന്നു. സഖ്യമാകാമെന്ന ബി ജെ പിയുടെ പരാമര്‍ശത്തെ ഗൌരിയമ്മ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
 
അതേസമയം, ഒരു മാസം മുമ്പ് ബി ജെ പി - ജെ എസ് എസ് ചര്‍ച്ചകള്‍ക്കുള്ള സാഹചര്യം ഒരുങ്ങിയിരുന്നു. എന്നാല്‍, സി പി എം ഗൌരിയമ്മയെ സമീപിച്ചതിനെ തുടര്‍ന്ന് അത് നിര്‍ത്തി വെക്കുകയായിരുന്നു.