ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പുണ്യവാളനായി; കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്ഥാപിക്കുന്നത്- വെള്ളാപ്പള്ളി

Webdunia
ഞായര്‍, 13 ഡിസം‌ബര്‍ 2015 (13:19 IST)
മുന്‍മുഖ്യമന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനുമായ ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദംമൂലം ഗുണമുണ്ടായത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പുണ്യവാളനായി. ഉമ്മന്‍ചാണ്ടിയെ കരയിച്ച പ്രതിപക്ഷം ഇപ്പോള്‍ കണ്ണുനീര്‍ നക്കി കുടിക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

ആര്‍ ശങ്കറിനെ ഓര്‍ത്ത് ആരും കണ്ണീര്‍ പൊഴിക്കേണ്ടെന്നും കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്ഥാപിക്കുന്നത്.
ആര്‍ ശങ്കറിനെ താഴെയിറക്കിയവരാണ് കോണ്‍ഗ്രസുകാര്‍. അദ്ദേഹത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരും അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ശ്രമിച്ചവരും ഇന്ന് ജീവിച്ചിരിപ്പുണ്ട്. അന്ന് അദ്ദേഹത്തോട് ക്രൂരമായി പെരുമാറുകയും പ്രസംഗിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ പ്രകീര്‍ത്തിക്കുന്നത്. എന്നാല്‍, ഇന്ന് ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ എല്ലാവര്‍ക്കും വലിയ ദുഖമാണ്. അന്ന് അദ്ദേഹത്തോട് ക്രൂരമായി പെരുമാറുകയും പ്രസംഗിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ പ്രകീര്‍ത്തിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

സമുദായത്തിന്റെ പിന്നോക്ക അവസ്ഥ മാറ്റുന്നതിനും വിദ്യാഭ്യാസ പുരോഗതി ഉണ്ടാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിച്ച ആ മഹാന്‍ സ്ഥാപിച്ച പ്രധാന കേളേജിന്റെ കവാടത്തില്‍ പ്രതിമ വേണമെന്ന് തീരുമാനിച്ചത് നിര്‍മാണ കമ്മറ്റിയും എസ്.എന്‍ ട്രസ്റ്റുമാണ്. അദ്ദേഹം സമുദായത്തിന് നല്‍കിയ സേവനങ്ങളാണ് ഞങ്ങള്‍ സ്മരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഡിസംബര്‍ 15 ന് കൊല്ലത്ത് അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പകരം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനാകും. മുഖ്യമന്ത്രിയുടെ പേര് വെച്ചുള്ള ശിലാഫലകം ഇന്നലെ അര്‍ധരാത്രിയില്‍ രഹസ്യമായി എടുത്തുമാറ്റി.

ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നില്‍ക്കണമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചതായുള്ള വാര്‍ത്ത വിവാദമായതിനു പിന്നാലെയാണ് ശിലാഫലകം മാറ്റിയത്.