രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട വിവാദം കോണ്‍ഗ്രസിനെ പിടിച്ചുലച്ചതിനു പിന്നാലെ ശക്തമായ ആവശ്യവുമായി യുവനേതാക്കൾ നേതൃത്വത്തെ സമീപിച്ചു.
പ്രതിപക്ഷസ്ഥാനാത്ത് ശക്തമായി നിലനില്‍ക്കണമെങ്കില്‍ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വെല്ലുവിളിക്കാന്‍ ശേഷിയുള്ള കെപിസിസി അധ്യക്ഷന്‍ വേണമെന്ന ആവശ്യമാണ് യുവനേതാക്കൾ ഗ്രൂപ്പിന് അതീതമായി കേരളത്തിലെയും ഡൽഹിയിലെയും നേതാക്കളെ അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും ശക്തി പ്രാപിച്ചു വരികയാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു വിജയത്തോടെ മുന്നണി അതിശക്തമായെന്ന തോന്നല്‍ ഇടതുപക്ഷത്ത് പ്രതിഫലിക്കുന്നുണ്ട്. മുഖ്യമന്ത്രിയും കൂടുതല്‍ ശക്തനായി. ഈയൊരു സാഹചര്യത്തില്‍ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ കരുത്തുള്ള നേതാവിനെ പ്രസിഡന്റാക്കണമെന്നാണ് യുവാക്കൾ ആവശ്യപ്പെടുന്നത്.
യുവാക്കളെ ഒപ്പം നിര്‍ത്താനും ജനങ്ങള്‍ക്കിടെയില്‍ സ്വാധീനം ചെലുത്താനും സിപിഎമ്മിന് കഴിയുന്നുണ്ട്. ഇതിനാല്‍ ഓടിനടന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിവേണം കെപിസിസിയുടെ തലപ്പത്തേക്ക് വരാന്‍. അതിനാല്‍ മുമ്പ് സ്വീകരിച്ചിരുന്നതു പോലെ മുതിർന്ന നേതാക്കൾക്കു താൽപ്പര്യമുള്ളയാളെ പ്രസിഡന്റാക്കുന്നതിനോട് യോജിപ്പില്ലെന്നും യുവനേതാക്കൾ നേതൃത്വത്തെ അറിയിച്ചു.