നേതൃമാറ്റമെന്ന ആവശ്യം യോഗത്തിൽ ഉയർന്നില്ല; പുറത്തുവന്ന വാർത്തകൾ തെറ്റ്, വിവരങ്ങള്‍ നല്‍കുന്നതില്‍ മാധ്യമപ്രവർത്തർ തെറ്റിദ്ധരിക്കപ്പെട്ടു - സുധീരന്‍

തിങ്കള്‍, 6 ജൂണ്‍ 2016 (10:12 IST)
നേതൃമാറ്റം എന്ന ആവശ്യം കെപിസിസി ക്യാമ്പ് എക്‌സിക്യുട്ടീവില്‍ ഉയര്‍ന്നിട്ടില്ലെന്ന് അധ്യക്ഷന്‍ വിഎം സുധീരന്‍. കെപിസിസി യോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ തെറ്റാണ്. നേതൃമാറ്റം എന്ന ആവശ്യം യോഗത്തില്‍ ഉണ്ടായി എന്ന നിലയ്ക്കുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്‍. മാധ്യമപ്രവര്‍ത്തകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയത്. നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നതായുള്ള വാർത്തകൾ തെറ്റാണ്. ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചവർ യോഗത്തിൽ ആ ആവശ്യം ഉന്നയിച്ചിട്ടില്ല. ആരെയും വ്യക്തിപരമായി വിരൽചൂണ്ടിക്കൊണ്ടുള്ള വിമർശനമല്ല എക്സിക്യൂട്ടീവിൽ നടന്നത്. യോഗത്തിലെ വിവരങ്ങള്‍ നല്‍കുന്നതില്‍ മാധ്യമപ്രവർത്തർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും സുധീരന്‍  പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. യോഗത്തില്‍ സുധീരനെതിരെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും സംഘടിതമായി വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. എ ഗ്രൂപ്പിലെ നല്ലൊരു പങ്കും സുധീരന് പകരം മറ്റൊരാള്‍ കെപിസിസി അധ്യക്ഷനാകണമെന്ന നിലപാടാണ് സ്വീകരിച്ചത്‌. അതേസമയം, പാർട്ടിയെ ശക്തമാക്കാനുള്ള മാർഗരേഖ തയാറാക്കാൻ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ കൺവീനറായി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക