കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികളെ കാണാതായി

എ കെ ജെ അയ്യര്‍
ബുധന്‍, 22 ജൂണ്‍ 2022 (18:41 IST)
കൊല്ലം: കൊല്ലത്തെ കോവിൽത്തോട്ടം മേഖലയിലെ കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സുഹൃദ് സംഘത്തിലെ രണ്ട് കുട്ടികളെ കാണാതായി. പന്മന വടക്കുംതല സ്വദേശിനി സുനിതയുടെയും പരേതനായ ബിജുവിന്റെയും മകൻ വിനീഷ് (16), പന്മന ഇടപ്പള്ളിക്കോട്ട സ്വദേശി ഉഷാകുമാരിയുടെ മകൻ ജയകൃഷ്ണൻ (17) എന്നിവരെയാണ് കാണാതായത്.

കാണാതായ ജയകൃഷ്ണൻ കഴിഞ്ഞ ദിവസം പുറത്തുവന്ന ഹയർസെക്കണ്ടറി പരീക്ഷയിൽ ജയിച്ചതിൻറെ സന്തോഷത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരും ശുർഹത്തുക്കളായ അഭിരാജ്, വിജിൽ, സിബിൻ എന്നിവർക്കൊപ്പം എത്തിയത്.

കടൽത്തീരത്തു കിടന്ന തെർമോക്കോൾ ഉപയോഗിച്ച് കടൽ ഭിത്തിക്ക് ഇപ്പുറത്തെ ആഴം കുറഞ്ഞ ഭാഗത്തു ഇവർ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. എന്നാൽ തിരയടിയിൽ ഇരുവരും തകർന്നു കിടക്കുന്ന കടൽ ഭിത്തിക്ക് മുകളിലൂടെ കടലിലേക്ക് ഒഴികിപ്പോയിരുന്നു. ഇരുവരെയും രക്ഷപ്പെടുത്താൻ  കൂട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറൈൻ എൻഫോഴ്‌സ്‌മെന്റും തീരദേശ പോലീസും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്തിയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article