'രണ്ട് സെക്കന്‍ഡിനുള്ളില്‍ കുഞ്ഞിന്റെ കണ്ണുകള്‍ മറിഞ്ഞു’; നിര്‍ണായകമായി ദൃക്സാക്ഷിയുടെ മൊഴി പുറത്ത്

റെയ്നാ തോമസ്
ഞായര്‍, 13 ഒക്‌ടോബര്‍ 2019 (11:12 IST)
ആല്‍ഫൈന് കഴിക്കാനുള്ള ബ്രഡ് ഇറച്ചിക്കറിയില്‍ മുക്കി ജോളി ഷാജുവിന്റെ സഹോദരിയുടെ കൈയില്‍ കൊടുക്കുന്നത് കണ്ടുവെന്നാണ് മൊഴി. പുലിക്കയത്തെ വീട്ടില്‍ ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുര്‍ബാന വിരുന്ന് നടക്കുന്നതിനിടെയാണ് ഭക്ഷണം നല്‍കുന്നത് കണ്ടെതെന്ന് മൊഴിയില്‍ വ്യക്തമാക്കുന്നു.വീട്ടില്‍ അന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയത്. ഇതുവച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ജോളി കുറ്റം സമ്മതിക്കുകയായിരുന്നു. ആ കാലത്ത് പതിവായി സയനൈഡ് സൂക്ഷിച്ചിരുന്നത് ഹാന്‍ഡ് ബാഗിലായിരുന്നെന്ന് ജോളി മൊഴി നല്‍കി.
 
മുറ്റത്തെ പന്തലില്‍ ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന സിലി, വീടിനകത്തായിരുന്ന കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ഷാജുവിന്റെ സഹോദരിയെ വിളിച്ചേല്‍പ്പിച്ചു. ഇതുകേട്ട ജോളി അടുക്കളയിലെത്തി ബ്രഡില്‍ സയനൈഡ് ചേര്‍ത്ത് ഇവര്‍ക്കു നല്‍കുകയായിരുന്നു. വിഷമാണെന്ന് അറിയാതെ ഷാജുവിന്റെ സഹോദരി ബ്രെഡ് ഇറച്ചിക്കറിയില്‍ മുക്കി കുഞ്ഞിന് നല്‍കുകയും ചെയ്തു.
 
സഹോദരിയുടെ മടിയിലിരുത്തിയാണ് കുട്ടിക്ക് ഭക്ഷണം കൊടുത്തത്. ബ്രഡ് കഴിച്ച് രണ്ട് സെക്കന്‍ഡിനുള്ളില്‍ കുട്ടിയുടെ കണ്ണ് പിറകിലേക്കു മറിയുന്നതും സഹോദരിയുടെ മടിയില്‍ നിന്നു കുട്ടി വീഴുന്നതും കണ്ടുവെന്നും മൊഴിയിലുണ്ട്. ജോളിയും ഷാജുവിന്റെ മാതാപിതാക്കളും അയല്‍വാസിയായ സ്ത്രീയും ജോലിക്കാരിയുമാണ് ഈ സമയം അടുക്കളയില്‍ ഉണ്ടായിരുന്നതെന്നും മൊഴിയില്‍ പറയുന്നു. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് വാഹനം പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ഷാജുവിന്റെ പിതാവ് സക്കറിയാസിനെ കൂട്ടി ജോളി മറ്റൊരു വാഹനത്തില്‍ പുറപ്പെട്ടു.
 
കുഞ്ഞിന് നല്‍കിയ ഭക്ഷണത്തിന്റെ ബാക്കി പിന്നീട് ആരും കണ്ടിട്ടില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം, ജോളി വിരുന്നിനിടെ പുറത്തെ പന്തലില്‍ നില്‍ക്കുന്നത് കണ്ടിരുന്നെന്നും അകത്തേക്ക് വന്നിട്ടില്ലെന്നുമാണ് ഷാജു കഴിഞ്ഞ ദിവസം പറഞ്ഞത്. കേസ് തെളിയിക്കുന്നതില്‍ ഈ ദൃക്സാക്ഷി മൊഴി പോലീസിനു വലിയ പിന്തുണയാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article