കല്ലറ തുറന്നാൽ ആത്മാക്കൾ പുറത്തുചാടുമെന്ന് പ്രചരിപ്പിച്ചു. അന്വേഷണം വഴിതെറ്റിക്കാൻ ജോളി നടത്തിയ നാടകം ഇങ്ങനെ

ശനി, 12 ഒക്‌ടോബര്‍ 2019 (20:24 IST)
കൂടത്തായിയിലെ കൊലപാതക പരമ്പരകൾ പുറത്തറിയാതിരിക്കാൻ ജോളി നടത്തിയത് വലിയ നാടകം. കല്ലറ തുറന്ന് അന്വേഷണം നടന്നാൽ താൻ കുടുങ്ങും എന്ന് വ്യക്തമായതോടെ കുപ്രചരണങ്ങൾ നടത്തി അന്വേഷത്തെ പൊളിക്കാനായി ജോളിയുടെ ശ്രമം. കല്ലറ തുറന്നാൽ ആത്മാക്കൾ പുറത്തുചാടി വീടുകളിൽ എത്തും എന്ന് പൊ‌ൻമുറ്റം തറവാട്ടിലും, മരിച്ച മഞ്ചാടി മാത്യുവിന്റെ വീട്ടിലുമെത്തി ജോളി പറഞ്ഞിരുന്നു.
 
കല്ലറ തുറന്നുള്ള പൊലീസിന്റെ അന്വേഷണത്തിനെതിരെ ബന്ധുക്കളെ ഇളക്കിവിടുകയായിരുന്നു ജോളിയുടെ ലക്ഷ്യം. കല്ലറ തുറക്കാനുള്ള ഔദ്യോഗിക കത്ത് നൽകിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയതായി ജോളിക്ക് വ്യക്തമായത്. കേരളാ പൊലീസിന്റെ ചരിത്രത്തിലോ തന്റെ അറിവിലോ ഇത്തരം ഒരു കേസ് ഉണ്ടായിട്ടില്ല എന്ന് റൂറൽ എസ്‌പി കെ ജി സൈമൺ പറഞ്ഞു.
 
ഒരു തരത്തിലുമുള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. ബുദ്ധിമതിയായ കൊലയാളിയാണ്. അവർ ഒറ്റക്കാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത് എങ്കിൽ ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കില്ലായിരുന്നു അതുകൊണ്ടാണ് കേസ് പഠിക്കുന്നതിനായി ഐ‌പിഎസ് ട്രെയിനികൾ അടക്കം എത്തിച്ചത് എസ്‌പി സൈമൺ പറഞ്ഞു. ഷാജുവിന്റെ മകൾ ഒന്നരവയസുകാരി ആൽഫൈനെ ബ്രഡിൽ സയനൈഡ് പുരട്ടിയാണ് ജോളി കൊലപ്പെടുത്തിയത് എന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍