ജോളി പറയുന്നതിൽ പാതിയും നുണ, ചോദ്യം ചെയ്യുമ്പോൾ 'ക്ഷീണം'; സിലി വധക്കേസിൽ അറസ്റ്റ് ചെയ്യാൻ നീക്കം

തുമ്പി എബ്രഹാം
വെള്ളി, 18 ഒക്‌ടോബര്‍ 2019 (09:40 IST)
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങളോട് ജോളിയ്ക്ക് നിഷേധാത്മക സമീപനം. കഴിഞ്ഞ ദിവസം വരെ ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്ന ജോളി ഇപ്പോള്‍ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നാണ് വിവരം.കോടതിയിൽ വെച്ച് അഭിഭാഷകന്‍റെ നിര്‍ദ്ദേശം ലഭിച്ചതോടെയാണ് ജോളി അന്വേഷണസംഘത്തിന്‍റെ മുന്നിൽ തന്ത്രപരമായി പെരുമാറുന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോള്‍ അന്വേഷണസംഘത്തോടൊപ്പം പോകുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ജോളിയുടെ മറുപടി. എന്നാൽ വയ്യെന്ന് പറഞ്ഞുകൂടായിരുന്നോ എന്ന് അഭിഭാഷകന്‍ ജോളിയോട് ചോദിക്കുകയായിരുന്നു.
 
 
ഇന്നലെ അസുഖമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജോളിയ്ക്ക് പോലീസ് ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യാൻ ഇരുത്തിയപ്പോള്‍ വയ്യെന്ന് അറിയിച്ചു. തനിക്ക് ദീര്‍ഘനേരം ഇരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ജോളി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‍‍പി ഓഫീസിൽ വെച്ചായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ. എന്നാൽ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ജോളി തനിക്ക് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തി. ഇതിനിടെ ഒരാള്‍ ജോളിയെ കയ്യേറ്റം ചെയ്യാനും ഫോട്ടോയെടുക്കാനും ശ്രമിച്ചു. എന്നാൽ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷവും ജോളി നിസ്സഹകരണം തുടരുകയായിരുന്നു. കസ്റ്റ‍ഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ വിവരങ്ങള്‍ ഒത്തു നോക്കുന്നതിലും അവസാന വട്ട ചോദ്യം ചെയ്യലിനും അന്വേഷണസംഘം നീക്കി വെച്ച സമയം ഇതോടെ പാഴായി.
 
അതേസമയം, മുൻപ് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കിലും ജോളി പറഞ്ഞ പല കഥകളും നുണയാണെന്ന സംശയം ബലപ്പെടുന്നുണ്ട്. മാത്യു മഞ്ചാടിയിലിനെ കൊന്നത് മദ്യത്തിൽ സയനൈഡ് കലര്‍ത്തിയാണെന്നും താനും മാത്യുവും ഒരുമിച്ചിരുന്ന് ഇടയ്ക്കിടെ മദ്യപിക്കുമായിരുന്നുവെന്നും ജോളി മൊഴി നല്‍കിയിരുന്നു. എന്നാൽ ഒരിക്കൽ പോലും മാത്യു ജോളിയോടൊത്ത് മദ്യപിച്ചിട്ടില്ലെന്നാണ് മാത്യുവിന്‍റെ ഭാര്യ പറയുന്നത്. റോയിയുടെ മരണത്തിൽ മാത്യുവിനുണ്ടായ സംശയമാണ് കൊലയിലേയ്ക്ക് നയിച്ചതെന്നാണ് നിലവിലെ നിഗമനം. എന്നാൽ കൊല നടത്താനുള്ള കാരണം തനിക്ക് അറിയില്ലെന്നും വീട്ടിലെ സ്വത്തു തര്‍ക്കത്തിൽ ഇടനിലക്കാരനായത് മാത്യുവാണെന്നും മാത്യുവിന്‍റെ ഭാര്യ പറയുന്നു. ജോളിയുമൊത്ത് മദ്യപിച്ചിരുന്നുവെന്ന മൊഴി വിശ്വസിക്കാൻ കഴിയില്ലെന്നും മാത്യു ഒറ്റയ്ക്കിരുന്ന് മദ്യപിച്ചിരുന്നയാളാണെന്നും അദ്ദേഹത്തിന്‍റെ സുഹൃത്തും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article