ജോളി ജയിലില്‍ ഫോണ്‍ ചെയ്യുന്നുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് വിശദീകരണവുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്

ശ്രീനു എസ്

വെള്ളി, 12 ജൂണ്‍ 2020 (13:49 IST)
കോഴിക്കോട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രതിയായ ജോളി ജയിലില്‍ നിന്നും അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത  ദൃശ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ തടവുകാര്‍ക്ക് അവരുടെ ബന്ധുക്കളുമായി നേരിട്ട് സംസാരിക്കുന്നതിനു പകരം വീഡിയോ കോണ്‍ഫറന്‍സിലൂടെയോ ഫോണ്‍ വഴിയോ ബന്ധപ്പെടാം. ഇതുസംബന്ധിച്ച് ഫോണുപയോഗിക്കുന്നതിന്റെ ആവൃത്തിയും സമയവും ഇളവ് ചെയ്തിരുന്നു. തടവുകാരുടെ മന:സംഘര്‍ഷം ഒഴിവാക്കാനായി പൊതുവില്‍ എടുത്ത നടപടിയാണിത്.
 
 കേരളത്തിലെ മിക്കവാറും എല്ലാ ജയിലുകളിലും തടവുകാര്‍ക്ക് അവരുടെ ബന്ധുക്കളുമായിട്ടും അഭിഭാഷകരുമായിട്ടും ബന്ധപ്പെടാന്‍ ഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത് അലന്‍ ഗ്രൂപ്പ് എന്ന കമ്പനിയുടെ സ്മാര്‍ട്ട് പേ ഫോണ്‍ കാര്‍ഡ് എന്ന സംവിധാനം ഉപയോഗിച്ചാണ്. മൊബൈല്‍ ഫോണിന് തുല്യമായ 10 ഡിജിറ്റ് നമ്പര്‍ ഫോണാണത്. മാധ്യമങ്ങളില്‍ കാണുന്ന നമ്പര്‍ കോഴിക്കോട് ജില്ലാ ജയിലിലെ ഫീമെയില്‍ ബ്‌ളോക്കില്‍ വനിതാ തടവുകാര്‍ക്ക് ഉപയോഗിക്കാന്‍ സ്ഥാപിച്ചിരിക്കുന്ന ഫോണിന്റെ നമ്പറാണെന്നും ഡിജിപി വ്യക്തമാക്കി. 
 
ജോളിയുടെ അപേക്ഷ പ്രകാരം അവരുടെ മകന്റെയും അഭിഭാഷകന്റെയുമുള്‍പ്പെടെ 3 നമ്പറുകള്‍ ഫോണ്‍ കാര്‍ഡില്‍ അനുവദിച്ചിട്ടുണ്ട്. ഫോണ്‍ വിളിക്കുന്നത് ഈ നമ്പറുകളിലേക്കാണെന്നും ഒരു മാസം ഇത്തരത്തില്‍ 250-350 മിനിട്ടാണ് അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍