വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കും, സയനൈഡ് നഖം കൊണ്ട് നുള്ളിയെടുത്ത് ഭക്ഷണത്തില്‍ കലര്‍ത്തും - ജോളി വെളിപ്പെടുത്തുന്നു!

Webdunia
ശനി, 12 ഒക്‌ടോബര്‍ 2019 (06:57 IST)
രക്തം മരവിക്കുന്ന കൊലപാതകക്കഥകള്‍ പൊലീസിന് മുന്നില്‍ തുറന്നുവയ്ക്കുകയാണ് കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളി ജോസഫ്. വളരെയേറെ ശ്രദ്ധിച്ചാണ് താന്‍ സയനൈഡ് കൈകാര്യം ചെയ്തിരുന്നതെന്ന് ജോളി വ്യക്തമാക്കി. സയനൈഡ് എടുക്കുന്നതിന് മുമ്പ് വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കുമായിരുന്നു എന്നും അതിന് ശേഷം നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തിയിരുന്നതെന്നും ജോളി പൊലീസിനോട് വെളിപ്പെടുത്തി.
 
റോയി തോമസിന്‍റെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തിലാണ് താന്‍ സയനൈഡ് കലര്‍ത്തി നല്‍കിയതെന്നും ജോളി വ്യക്തമാക്കി. മാത്യുവിനൊപ്പം താന്‍ ഇടയ്ക്ക് മദ്യപിക്കാറുണ്ടായിരുന്നു. അങ്ങനെയൊരു ദിവസമാണ് മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയത് - ജോളി വെളിപ്പെടുത്തി.
 
തന്‍റെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജു അയാളുടെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താനുള്ള ഉദ്യമത്തില്‍ സഹായിച്ചിട്ടുണ്ടെന്നും ജോളി മൊഴി നല്‍കി. രണ്ടുതവണ ഷാജു സഹായിച്ചു. മരുന്നിലാണ് സയനൈഡ് കലര്‍ത്തിയത്. പക്ഷേ രണ്ടുതവണയും പരാജയപ്പെട്ടു. പിന്നീട് താമരശേരിയിലെ ഡെന്‍റല്‍ ക്ലിനിക്കില്‍ വച്ചാണ് മരുന്നില്‍ സയനൈഡ് കലര്‍ത്തി നല്‍കിയത്. ആ ശ്രമം വിജയിക്കുകയും സിലി മരിക്കുകയും ചെയ്തു - ജോളി വെളിപ്പെടുത്തി.
 
കൂട്ടുപ്രതിയായ എം എസ് മാത്യു തനിക്ക് കൂടത്തായിയിലെ വീട്ടില്‍ രണ്ടുതവണയാണ് സയനൈഡ് എത്തിച്ച് നല്‍കിയതെന്നും വ്യക്തമാക്കി. റോയി തോമസിന്‍റെ അമ്മ അന്നമ്മയ്ക്ക് ആട്ടിന്‍ സൂപ്പില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. അതിന് മുമ്പും ഒരു തവണ അന്നമ്മയെ വധിക്കാന്‍ ജോളി ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടിരുന്നു. 
 
സാലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത് താനല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇടയ്ക്ക് ജോളി ശ്രമിച്ചു. ഷാജുവിന്‍റെ സഹോദരിയാണ് ആല്‍‌ഫൈന് ആഹാരം കൊടുത്തതെന്നും അതില്‍ സയനൈഡ് കലര്‍ത്തിയിരുന്നോ എന്ന് ഓര്‍മ്മയില്ലെന്നും ആദ്യം ജോളി പറഞ്ഞു. എന്നാല്‍ ഇറച്ചിക്കറിയില്‍ ബ്രെഡ് മുക്കി ജോളി ആല്‍ഫൈന് ആഹാരം കൊടുക്കുന്നത് കണ്ടു എന്ന സാക്ഷിമൊഴിയുടെ കാര്യം പൊലീസ് വ്യക്തമാക്കിയപ്പോള്‍ പിടിച്ചുനില്‍ക്കാനാവാതെ ആ കുറ്റവും ജോളി സമ്മതിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article