കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റത്തേക്ക് കൊണ്ടുപോയി. കൊലനടത്താനായി ജോളി ഉപയോഗിച്ച സയനൈഡ് കണ്ടെത്താനാണ് പൊലീസ് പ്രധാനമായും ശ്രമിക്കുന്നത്. സയനൈഡ് പൊന്നാമറ്റം വീട്ടിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ ജോളി മൊഴി നൽകിയിരുന്നു. ജോളിക്കൊപ്പം അറസ്റ്റിലായ പ്രജികുമാറിനെയും മാത്യുവിനെയും പൊന്നാമറ്റത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ജനക്കൂട്ടത്തിന്റെ പ്രതിഷേധം ഭയന്ന് വലിയ സുരക്ഷയാണ് പൊലീസ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ജോളി ജോലി ചെയ്തതെന്ന് അവകാശപ്പെട്ട എൻഐടി ക്യാംപസിനു സമീപമുള്ള ഫ്ലാറ്റിലും തെളിവെടുപ്പ് നടത്തും. ഇവിടെ ഇവർ താമസിച്ചിരുന്നതായാണ് വിവരം. ഈ മാസം 16 വരെയാണ് ജോളിയെയും കൂട്ടുപ്രതികളെയും താമരശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കസ്റ്റഡിയില്‍ വിട്ടത്. 11 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസത്തേക്കാണ് അനുവദിച്ചത്.