കോന്നി പെണ്‍കുട്ടികളുടെ മരണം; വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ നിരീക്ഷണത്തില്‍

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2015 (13:03 IST)
കോന്നിയില്‍ നിന്നുള്ള പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ആര്യ, രാജി, ആതിര എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ നിരീക്ഷണത്തില്‍. വിദ്യാര്‍ത്ഥി സംഘടന നേതാക്കളായ മൂന്നു പേരെയാണ് പൊലീസ് നിരീക്ഷിച്ചു വരുന്നത്. പ്രമുഖ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാക്കളാണ് ഇവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കാണാതായ പെണ്‍കുട്ടികള്‍ അങ്കമാലിയില്‍ എത്തിയപ്പോള്‍ ഇതില്‍ ഒരാള്‍ അങ്കമാലിയില്‍ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടികളുടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ട് എന്നുള്ളതിന് തെളിവുകള്‍ ഒന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
 
മൂന്നു യുവാക്കളില്‍ ഒരാളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ജില്ല വിട്ട് പുറത്തു പോകരുതെന്ന നിര്‍ദ്ദേശത്തോടെ ആയിരുന്നു ഇയാളെ വിട്ടയച്ചത്. എല്ലാ ദിവസവും രാവിലെ സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
അന്വേഷണത്തിന്റെ പ്രധാന ചുമതലയുള്ള എം എസ് പി കമാന്‍ഡന്‍റ് ഉമ ബഹ്റ കോന്നിയിലത്തെി പൊലീസ് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുമെന്നാണറിയുന്നത്.