കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോൺഗ്രസുകാരുടെ പരാതി സ്വീകരിച്ച എസ്ഐ സ്ഥലം മാറ്റി. വെസ്റ്റ് എസ്ഐ എൻ ഗിരീഷിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. സിറ്റി പൊലീസ് കമ്മിഷണർ എസ് സതീഷ് ബിനോയാണ് നടപടിയെടുത്തത്.
പൊതുചടങ്ങുകളിലും മണ്ഡലത്തിലും എംഎൽഎയായ മുകേഷിനെ കാണാനില്ലെന്ന ആരോപണങ്ങളെ തുടർന്നാണു യൂത്ത് കോൺഗ്രസ് അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയത്.
പരാതി സ്വീകരിച്ച എസ് ഐ നിയമപ്രകാരം രസീത് നൽകുകയും ചെയ്തു. ഈ രസീത് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്ക് കൈമാറുകയും അതോടെ വാര്‍ത്തകള്‍ സജീവമാകുകയുമായിരുന്നു. തുടര്‍ന്നാണ് സ്പെഷൽ ബ്രാഞ്ച് എസിപി റെക്സ് ബോബി അർവിൻ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എസ് ഐക്ക് വീഴ്‌ചയുണ്ടായതായും നിസാരമായ കാര്യം അദ്ദേഹം കൂടുതല്‍ സങ്കീര്‍ണ്ണതയില്‍ എത്തിച്ചതായും സ്പെഷൽ ബ്രാഞ്ച് എസിപിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് അദ്ദേഹം കൈമാറുകയും ചെയ്‌തിരുന്നു.