ഏഷ്യയിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായി സപ്ലൈകോയെ മാറ്റും: മന്ത്രി പി തിലോത്തമന്‍

ശ്രീനു എസ്

ശനി, 16 ജനുവരി 2021 (14:42 IST)
കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായി സപ്ലൈകോയെ  മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന്  ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍.  ചെറുമൂട് ആരംഭിച്ച സപ്ലൈകോ  സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
 
ലോക്ക്ഡൗണ്‍ സമയത്ത്  86 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്തത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും, അതിഥി തൊഴിലാളികള്‍ക്കും കിറ്റുകള്‍ നല്‍കി. ഉപഭോക്താവിന് ആവശ്യമുള്ള ഉത്പന്നങ്ങള്‍  സ്വയം നോക്കി തിരഞ്ഞെടുക്കാനുള്ള അവസരം സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ ലഭിക്കുന്നു. 14 സബ്സിഡി സാധനങ്ങള്‍ 2012-ലെ വിലയ്ക്ക് തന്നെയാണ് ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്.
 
കോവിഡ് കാലത്ത് സുഭിക്ഷമായി കഴിയാനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്തി ഗവണ്‍മെന്റ് വാഗ്ദാനം പാലിച്ചുവെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്,  മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്  തുടങ്ങിയവ അതിപ്രധാന പങ്ക് വഹിക്കുന്ന ഈ കാലഘട്ടത്തില്‍ കള്ളനാണയങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍