കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വെടിക്കെട്ടു നടക്കുന്ന സ്ഥലമാണ് പുറ്റിങ്ങൽ ദേവീക്ഷേത്രം. ക്ഷേത്രത്തില്‍ 86 ലേറെ പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെ ആണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ദേവസ്വം ഭാരവാഹികള്‍ വെടിക്കെട്ട് നടത്തുന്നതിനായി സമര്‍പ്പിച്ച അപേക്ഷ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ശേഷം തള്ളിയിരുന്നു. ഇതിന് ഇളവ് അനുവദിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ വഴങ്ങിയില്ല. ഇതേത്തുടർന്ന് വിലക്ക് ലംഘിച്ചാണ് ക്ഷേത്രത്തിൽ വൻതോതിൽ കരിമരുന്നു ശേഖരിച്ചത്.
ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പുലർച്ചെ മൂന്നരയോടെ പൊലീസ് ഇടപെട്ട് വെടിക്കെട്ട് അവസാനിപ്പിക്കണമെന്ന് ഉൽസവക്കമ്മിറ്റി ഭാരവാഹികളോട് നിർദേശിച്ചു. അവർ വെടിക്കെട്ട് കരാറുകാർക്ക് വെടിക്കെട്ടു നിർത്താൻ നിർദേശം കൊടുക്കുന്നതിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്.
സാധാരണ വെട്ടിക്കെട്ടല്ല, മത്സര കമ്പക്കെട്ടാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അപകട സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വെടിക്കെട്ട് അനുമതി നിഷേധിച്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് ഇവിടെ വെടിക്കെട്ട് നടത്തിയത്. അതുകൊണ്ട് തന്നെ കര്‍ശന നിയമ നടപടികളിലേക്കാണ് അധികൃതര്‍ നീങ്ങുന്നത്.
വെട്ടിക്കെട്ടിനായി ശേഖരിച്ചിരുന്ന സാമഗ്രികളുടെ തൊണ്ണൂറു ശതമാനവും ദുരന്തത്തിനു മുൻപുതന്നെ കത്തിച്ചിരുന്നു. മാത്രമല്ല, വെടിക്കെട്ട് കാണാനെത്തിയവരിൽ നല്ലൊരു ശതമാനവും പുലർച്ചയോടെ മടങ്ങുകയും ചെയ്തിരുന്നു. അല്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും ഏറുമായിരുന്നു.