ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കള്ളനോട്ട് എത്തിക്കുന്ന സംഘവുമായി ബന്ധമുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ മാള്‍ഡ ജില്ലയിലെ കാലിയ ചൌക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസം എം മര്‍ത്തൂജ് എന്ന 28 കാരനെയാണ് സിറ്റി പൊലീസ് പിടികൂടിയത്. ഇയാളെ പിടികൂടാനായി എന്‍ ഐ സംഘം വലവീശിയിരുന്നു.
2015 നവംബറില്‍ കരുനാഗപ്പള്ളി പൊലീസ് കള്ളനോട്ട് പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ കാരണമായത്. രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി അന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളായ സാദികൂള്‍, സജികൂള്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള വിവരമാണ് കള്ളനോട്ട് കടത്തിലെ പ്രധാന കണ്ണിയായ മര്‍ത്തൂജിനെ പിടികൂടാന്‍ സഹായിച്ചത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കേരള പൊലീസ് മാള്‍ഡയില്‍ എത്തിയത്. എന്നാല്‍ അപ്പോള്‍ അതിര്‍ത്തി ജില്ലയായ അവിടെ കലാപം നടക്കുന്നതിനാല്‍ പശ്ചിമബംഗാള്‍ പൊലീസില്‍ നിന്ന് കാര്യമായ സഹായം ലഭിച്ചില്ലെങ്കിലും വേഷം മാറിയായിരുന്നു തെരച്ചില്‍ നടത്തിയത്. ഗ്രാമവാസികള്‍ പോലും അറിയാതെയായിരുന്നു മര്‍ത്തൂസിനെ അവിടെ നിന്ന് പൊക്കിയത്.