കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിനായി ബിജെപി നടത്തിയ അതിരുകടന്ന പ്രവൃത്തി വിവാദമാകുന്നു. വാഹനാപകടത്തില്‍ മരിച്ച കൗണ്‍സിലര്‍ കോകില എസ് കുമാറിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ച് പുറത്തിറങ്ങിയ കത്താണ് നവമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനവും ഏറ്റുവാങ്ങുന്നത്.
കോകിലയുടെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോകിലയുടെ അമ്മ ബി ഷൈലജയായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. അമ്മയ്‌ക്കു വേണ്ടി കോകില ‘പരലോകത്തു’ നിന്നും എഴുതിയ കത്താണ് ഇതെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.
നേരിട്ട് വോട്ട് ചോദിക്കാന്‍ വിധി അനുവദിച്ചില്ലെന്നും തനിക്ക് നല്‍കിയ പിന്തുണ അമ്മയും നല്‍കി തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്ന് കത്തില്‍ 'മരിച്ച' കോകില ആവശ്യപ്പെടുന്നു. എന്റെ ഈ മോഹം എല്ലാവരും സാധിച്ച് തരുമെന്ന പ്രതീക്ഷയോടെ ഞാന്‍ നിര്‍ത്തുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
അന്തരിച്ച യുവ കൗണ്‍സിലറുടെ പേരില്‍ വോട്ട് ലക്ഷ്യമാക്കി ബിജെപി നേതാക്കള്‍ പുറത്തിറക്കിയ കത്ത് ഏറെ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങി കഴിഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബിജെപിയുടെ തന്ത്രം വില കുറഞ്ഞതാണെന്നാണ് യുഡിഎഫും സിപിഎമ്മും വ്യക്തമാക്കിയത്.