മകളെ പീഡിപ്പിച്ച പിതാവിന് അഞ്ചു വര്‍ഷം തടവ്

Webdunia
വ്യാഴം, 3 ജൂലൈ 2014 (16:57 IST)
മകളെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പിതാവിന് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിച്ചു. ബുദ്ധിമാന്ദ്യമുള്ള 12 കാരിയായ മകളെ പീഡിപ്പിച്ച മോഹനന്‍ എന്ന 43 കാരനെയാണ്‌ കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി  അശോക് മേനോന്‍ അഞ്ച് വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചത്.

പിഴ ഒടുക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി അധികമായി ശിക്ഷ അനുഭവിക്കാനും കോടതി ഉത്തരവായിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാരില്‍ നിന്നും പുനരധിവാസത്തിന്‌ ആവശ്യമായ മുക്കാല്‍ ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.

2012ല്‍ നിലവില്‍ വന്ന കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡന നിരോധന നിയമ പ്രകാരം ജില്ലയിലെ ആദ്യ വിധിയാണിത്. 2012 ജൂണ്‍ 29 നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി മകളെ മുറിക്കുള്ളിലാക്കി വീട്ടിലെ ഫ്യൂസ് ഊരി മാറ്റി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമാണുണ്ടായത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടിലുണ്ടായിരുന്ന ഭാര്യ, മൂത്ത മകന്‍ എന്നിവരെ പെണ്‍കുട്ടിയെ അന്വേഷിക്കുന്നതിനായി പുറത്തേക്കയച്ച ശേഷമായിരുന്നു പ്രതി പീഡിപ്പിച്ചത്.

പ്രതിക്കെതിരെ കുട്ടിയുടെ മാതാവും സഹോദരനും മൊഴി നല്‍കി. കുണ്ടറ പൊലീസാണ്‌ കേസന്വേഷണം പൂര്‍ത്തിയാക്കി ലൈംഗിക പീഡന നിരോധന നിയമ പ്രകാരം കേസ് ചാര്‍ജ്ജ് ചെയ്തത്.