സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പൊലീസിനെതിരെ നടപടി; യുഎപിഎ ദുരുപയോഗം ചെയ്യരുതെന്നും കോടിയേരി

Webdunia
ചൊവ്വ, 20 ഡിസം‌ബര്‍ 2016 (10:59 IST)
സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആയിരുന്നു കോടിയേരി നിലപാട് വ്യക്തമാക്കിയത്.
 
രാഷ്‌ട്രീയപ്രശ്നങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് എതിരെ യു എ പി എ ചുമത്താന്‍ പാടില്ല. കമല്‍ സി ചവറയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലായിരുന്നു. കമലിനെതിരെ ഈ രീതിയില്‍ കേസുകള്‍ എടുത്തത് പൊലീസിന്റെ തോന്ന്യാസമാണ്. എല്‍ ഡി എഫിന്റെ നയം കാരണമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടും അദ്ദേഹത്തിന് ജാമ്യം കിട്ടിയതെന്നും കോടിയേരി പറഞ്ഞു.
 
നേരത്തെ, പൊലീസിന്റെ നടപടിക്കെതിരെ മുതിര്‍ന്ന സി പി എം നേതാവ് വി എസ് അച്യുതാനന്ദനും നേരത്തെ രംഗത്ത് എത്തിയിരുന്നു. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല പൊലീസ് എന്ന് തിരിച്ചറിയണമെന്നും വി എസ് പറഞ്ഞിരുന്നു.
Next Article