വളാഞ്ചേരി കൊല നടന്നത് ഭാര്യയുടെ ഒത്താശയോടെയെന്ന് പൊലീസ്

Webdunia
ശനി, 10 ഒക്‌ടോബര്‍ 2015 (17:08 IST)
വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ ജ്യോതിക്ക് പങ്കുണ്ടെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ പൊലീസ് പിടിയിലായ യൂസഫ് ജ്യോതിയുടെ അടുത്ത സുഹൃത്താണെന്നും പൊലീസ് പറഞ്ഞു.
 
എറണാകുളത്ത് നിന്നും കസ്റ്റഡിയില്‍ എടുത്ത യൂസഫിനെ വളാഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.
ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട വിനോദിന് ജ്യോതിയെ കൂടാതെ മറ്റൊരു ഭാര്യയും കുഞ്ഞുമുണ്ട്. ഇത് ജ്യോതിക്കും ബംഗളൂരുവില്‍ പഠിക്കുന്ന ഇവരുടെ മകനും അറിയാമായിരുന്നു. സ്വത്ത് മുഴുവന്‍ അവര്‍ക്ക് എഴുതി വെയ്ക്കുമോയെന്ന ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
 
വിനോദ് കുമാറും ഭാര്യ ജ്യോതിയും എറണാകുളത്ത് താമസിക്കുമ്പോള്‍ അവരുടെ അയല്‍വാസിയായിരുന്നു യൂസഫ്. കവര്‍ച്ച നടത്തുക എന്ന വ്യാജേനയായിരുന്നു പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ കൊലപാതകം നടന്നത് മോഷണത്തിനല്ല എന്ന് പൊലീസ് ആദ്യം തന്നെ കണ്ടെത്തിയിരുന്നു. കൂടാതെ, ചികിത്സയില്‍ കഴിയുകയായിരുന്ന ജ്യോതിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് കൊലപാതകത്തിന്റെ ചുരുളഴിയിക്കാന്‍ പോലീസിനെ സഹായിച്ചത്.