കോഴിക്കോട് ജില്ലാകോടതിയിലും മാധ്യമപ്രവർത്തകർക്ക് വിലക്ക്. ഐസ്ക്രീം കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. കോടതിക്കകത്ത് കയറ്റരുതെന്ന് ജില്ലാ ജഡ്ജി പറഞ്ഞു എന്നായിരുന്നു പൊലീസിന്റെ വാദം. എന്നാൽ ഇതിൽ പ്രതിഷേധിച്ച മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു. ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് വിട്ടയച്ചു.
കോടതിയിലേക്ക് അതിക്രമിച്ച് കയറിയതിനാലാണ് അറസ്റ്റ് ചെയ്തെന്നാണ് പൊലീസ് പറയുന്നത്. കോടതി വളപ്പിനു പുറത്തുനിന്നാണ് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ലൈവ് സംവിധാനമുള്ള വണ്ടിയും പൊലീസ് കയ്യിലെടുത്തു. ഐസ്ക്രീം കേസിൽ വി എസ് അച്യുതാനന്ദൻ നൽകിയ റിവ്യൂഹർജി ഇന്നു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണു സംഭവം.
എസ് ഐ ബിമോദിന്റെ നേതൃത്വത്തിലുള്ള മൂന്ന് പൊലീസുകാരാണ് മാധ്യമപ്രവർത്തകരെ നീക്കം ചെയ്തത്. മാധ്യമപ്രവർത്തകർക്ക് കോടതിയിൽ പ്രവേശനമില്ലായെന്ന കാര്യം ഉത്തരവുണ്ടായിട്ടും പൊലീസ് എന്തുകൊണ്ട് അക്കാര്യം അറിയിച്ചില്ല എന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യം.
മാധ്യമങ്ങളെ അറിയിക്കാതെ ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാക്കിയത് ശരിയാണോ എന്നാണ് ഉയർന്നു വരുന്ന ചോദ്യം.