ചലച്ചിത്ര താരം സുരേഷ് ഗോപിയെ താരപ്രചാരകനാക്കാൻ ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. പ്രചാരണത്തിനായി അഞ്ചു ദിവസം മാത്രം നൽകുന്ന സുരേഷ് ഗോപി നാല്‍പ്പത് മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും. ഇതിനായി അദ്ദേഹത്തിനു ഹെലികോപ്റ്റർ നൽകാനും തീരുമാനമായി.
ചലച്ചിത്ര നടൻ ഭീമൻ രഘു പത്തനാപുരത്തും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തിലും ബി ജെ പി സ്ഥാനാർഥിയാകും. ഇവരുടേതടക്കം 51 പേരുടെ രണ്ടാം പട്ടികയ്ക്കാണ് കേന്ദ്ര നേതൃത്വം അംഗീകാരം നൽകിയത്. സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർ പങ്കെടുക്കുന്ന പ്രചാരണ വേദികളിലും ഇരിപ്പിടമുണ്ടാകും.
ചൂട് രൂക്ഷമായതിനാല്‍ ജില്ലകൾതോറും സഞ്ചരിക്കുന്നതു ശാരീരികമായി ബുദ്ധിമുട്ടായിരിക്കുമെന്നു നേരത്തെ അറിയിച്ചിരുന്നതായി സുരേഷ് ഗോപി മനോരമയോടു പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനു വേണ്ടി അരദിവസത്തെ പ്രചാരണം നടത്തും. തിരുവനന്തപുരത്തു സുരേഷ് ഗോപി മത്സരരംഗത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ശ്രീശാന്തിനെ മത്സരിപ്പിക്കാൻ ബി ജെ പി തയാറായത്. സുരേഷ് ഗോപിയില്ലെങ്കിൽ ഇവിടെ അദ്ദേഹം നിർദേശിക്കുന്ന ആൾ മത്സരിക്കുമെന്നതായിരുന്നു നിലവിലെ ധാരണ.