നൂറുവര്‍ഷത്തിനുള്ളില്‍ കിഴക്കിന്റെ വെനീസ് ആയ കേരളത്തിന്റെ കൊച്ചി കടലിനടിയിലാകുമെന്ന് പഠനം. ആഗോള താപനമാണ് കൊച്ചിക്ക് ഭീഷണിയാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗോവയിലെ നാഷണല്‍ ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (എന്‍.ഐ.ഒ) യുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇന്‍സ്‌റ്റിട്യൂട്ടിന്റെ കീഴില്‍ ഗവേഷകരായ ആര്‍. മണി മുരളി, പി.കെ. ദിനേശ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് കൊച്ചിയുടെ ഭാവി പ്രവചിക്കുന്നത്.
ആഗോള താപനം ഉണ്ടാക്കുന്ന പ്രതിഭാസത്തില്‍ വര്‍ഷങ്ങള്‍ക്കകം കേരളത്തിന്റെ നല്ലൊരു ഭാഗം കടലെടുക്കുമെന്നും ഇതുവഴി കൊച്ചി കടലിനടിയിലാകുമെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള താപനത്തിലുള്ള നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഒരു നൂറ്റാണ്ടിനുള്ളില്‍ സമുദ്ര നിരപ്പ് ഒരു മിറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയരുമെന്ന് പഠനത്തില്‍ പറയുന്നു. സമുദ്ര നിരപ്പ് ഒരു മീറ്റര്‍ വരെ ഉയര്‍ന്നാല്‍ കേരളത്തിലെ തീരപ്രദേശങ്ങളുടെ 169.11 ചതുരശ്ര കിലോമീറ്റര്‍ വരെയും രണ്ടു മീറ്റര്‍ വരെ ഉയര്‍ന്നാല്‍ 589.83 ചതുരശ്ര കിലോമീറ്റര്‍ വരെയും കടല്‍ വിഴുങ്ങും.
സമുദ്ര നിരപ്പ് ഉയരുന്നത് ഒരു മീറ്ററാണെങ്കില്‍ 43 ചതുരശ്ര കിലോമീറ്റര്‍ വരെയും രണ്ടു മീറ്ററാണെങ്കില്‍ 187 ചതുരശ്ര കിലോമീറ്റര്‍ വരെയും കൊച്ചിക്ക് നഷ്‌ടമാകും. അതിവേഗം വളരുന്ന കൊച്ചി, പരിസ്‌ഥിതിയിലുണ്ടാക്കുന്ന വ്യതിയാനങ്ങളും ഈ പ്രതിഭാസത്തിന് ഒരു കാരണമായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഉപഗ്രഹ ചിത്രങ്ങളുടെയും കൊച്ചിയുടെ ത്രിമാന രൂപങ്ങളുടെയും വിശദമായ പഠനവും ആഗോള താപനത്തിന്റെ അതിപ്രസരം കടലിലും കൊച്ചിയുടെ തീര പ്രദേശങ്ങളിലുമുണ്ടാക്കാനിടയുള്ള വ്യതിയാനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വരാനിരിക്കുന്ന ദുരന്തത്തെ നേരിടാനും ഉണ്ടാകാനിടയുള്ള ആഘാതത്തിന്റെ തീവ്രത കുറയ്‌ക്കുന്നതിനുമുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചു തുടങ്ങണമെന്നും പഠനത്തില്‍ മുന്നറിയിപ്പു നല്‍കുന്നു. ദുരന്തം കൊച്ചിയുടെയും മറ്റ് തീര പ്രദേശങ്ങളുടെയും സാമുഹിക സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും മീന്‍പിടിത്തമുള്‍പ്പെടെയുള്ള വ്യവസായങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.