ഇനി ഒരുവര്‍ഷം കൂടി, കൊച്ചി മെട്രോ ഓടിത്തുടങ്ങും

Webdunia
തിങ്കള്‍, 8 ജൂണ്‍ 2015 (17:24 IST)
കൊച്ചി മെട്രോ നിര്‍മ്മാണം തുടങ്ങിയിട്ട് ഇന്ന് രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. അടുത്ത വര്‍ഷം ജൂണില്‍ പണി പൂര്‍ത്തിയാകുമെന്ന് ഡിഎംആര്‍സി അവകാശപ്പെടുന്നത്. അടുത്ത വര്‍ഷം ജൂണില്‍ നിശ്ചയിച്ചിരിക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് പരീക്ഷണ ഓട്ടം മാത്രമാണുണ്ടാവുക.  എന്നാല്‍ മെട്രോ പൂര്‍ണ അര്‍ഥത്തില്‍ ഓടിത്തുടങ്ങാന്‍ കുറഞ്ഞത് നാല്‍ വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.

മെട്രോയുടെ കോച്ചുകള്‍ ഡിസംബര്‍ അവസാനമോ ജനവരിയിലോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ചില്‍ ട്രെയിനിന്റെ ആദ്യ പരീക്ഷണ ഓട്ടമുണ്ടാകും. ആദ്യ ഘട്ടത്തില്‍ മൂന്നര മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെയായിരിക്കും പരീക്ഷണ ഓട്ടം. ഉദ്ഘാടന ഓട്ടത്തിന് മുന്നോടിയായി ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും പരീക്ഷണ ഓട്ടം ആവശ്യമാണ്.

2013 ജൂണ്‍ ഏഴിനായിരുന്നു കൊച്ചി മെട്രോയുടെ നിര്‍മാണ ഉദ്ഘാടനം. ആലുവ മുതല്‍ പേട്ട വരെയാണ് ആദ്യ ഘട്ടത്തില്‍ മെട്രോ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ സ്ഥലമെടുപ്പിലെ കാലതാമസം മൂലം ഇത് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമായി ഒതുങ്ങി. ഈ റൂട്ടില്‍ 16 സ്‌റ്റേഷനുകളുണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്.