ഹെൽമറ്റ് ധരിക്കാതെ വരുന്നവർക്ക് പെട്രോളും നൽകേണ്ടെന്ന് തീരുമാനം. ഇരുചക്ര വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്നവരോട് ഇനിമുതൽ പെട്രോൾ പമ്പിൽ നിന്നും ഹെൽമറ്റ് ഉണ്ടോ എന്ന് ചോദിക്കും. ഉണ്ടെങ്കിൽ ഇന്ധനം റെഡി, ഇല്ലെങ്കിൽ ഇന്ധനവും ഇല്ല. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒന്നിന് തീരുമാനം ആകും.
പെട്രോൾ പമ്പ് ഉടമസ്ഥരോട് ഇക്കാര്യം സംസാരിച്ചുവെന്നും അവർ അത് അംഗീകരിക്കുകയും ചെയ്തുവെന്ന് കമ്മീഷണർ വ്യക്തമാക്കി. ഹെൽമറ്റ് ഇല്ലെങ്കിൽ 1000 രൂപ ഫൈൻ ഈടാക്കാനും ഒന്നിൽ കൂടുതൽ തവണ ഇത് ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കാനും നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
റോഡപകടങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍ കാരണമാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ട് വെക്കാൻ കാരണം. അതിന്റെ ആദ്യപടി എന്ന നിലയില്‍ പെട്രോള്‍ പമ്പ് ഉടമസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. പമ്പുകളില്‍ പോലീസിന്റെ പ്രത്യേക സംഘങ്ങള്‍ നിരീക്ഷിക്കും.
അതേസമയം, ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത്. തീരുമാനം പ്രായോഗികമല്ലെന്നും പുന:പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി ഒരു വാർത്താ ചാനലിനോട് പറഞ്ഞു.