ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് ഇളവ്; ബ്ലോഗ് പോസ്റ്റിന് പ്രത്യുപകാരമെന്ന് ആക്ഷേപം

Webdunia
ഞായര്‍, 28 ഫെബ്രുവരി 2016 (15:14 IST)
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക ഇളവ്. കേസില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് മോഹന്‍ലാലിന് പ്രത്യേക ഇളവ് നല്‍കിയത്. ആനക്കൊമ്പ് കൈവശമുളള വ്യക്തികള്‍ അത് വെളിപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയുളള നടപടികള്‍ അവസാനിപ്പിക്കാമെന്ന വന്യജീവി സംരക്ഷണ നിയമപ്രകാരത്തിലെ പ്രത്യേക ചട്ടപ്രകാരമാണ് മോഹന്‍ലാലിന് ഇളവ് ലഭിക്കുന്നത്.

ഈ വ്യവസ്ഥകള്‍ സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു മുന്നില്‍ ഹാജരായി തന്റെ കൈവശമുളള ആനക്കൊമ്പുകളുടെ പൂര്‍ണ വിവരങ്ങള്‍ ബോധിപ്പിച്ചു. ഈ വിവരങ്ങള്‍ ഇപ്പോള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ സൂക്ഷിക്കാനുള്ള അനുമതി ലഭിക്കുമെന്ന് വനം പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ജെഎന്‍യു വിഷയത്തില്‍ കേന്ദ്ര നിലപാടിന് അനകൂലമായി ബ്ലോഗ് എഴുതിയത് കൊണ്ടാണ് മോഹന്‍ലാലിന് പ്രത്യേക ഇളവ് നല്‍കുന്നത് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 2011ലായിരുന്നു തേവരയിലുള്ള  മോഹന്‍ലാലിന്റെ  വസതിയില്‍ നിന്നും ആദായനികുതി റെയ്ഡില്‍ രണ്ട് ആനക്കെമ്പുകള്‍ പിടികൂടിയത്.