മുന്നണി സംവിധാനത്തിൽ മാറ്റങ്ങളുണ്ടാകാൻ പോകുന്നു; മാണി രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കിയൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ബിജെപി

Webdunia
ശനി, 13 ഓഗസ്റ്റ് 2016 (17:40 IST)
കേരളത്തിലെ മുന്നണി സംവിധാനത്തിൽ വലിയ മാറ്റങ്ങളുണ്ടാകാൻ പോവുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്‌ണൻ. യുഡിഎഫ് ബന്ധം അവസാനിപ്പിച്ച കേരളാ കോ​ൺഗ്രസ് (എം) രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കിയൽ ബിജെപി അതു പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും. നിലവിൽ ആരോടും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎം മാണി എൻഡിഎയുടെ ഭാഗമാകുമോ എന്നൊക്കെ പിന്നീട് ചർച്ച ചെയ്യേണ്ടതാണ്. ആദ്യം അവര്‍ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കുകയാണ് വേണ്ടത്. ചര്‍ച്ചകള്‍ തുടരുമെങ്കിലും രാഷ്‌ട്രീയപരമായ നിലപാടുകളാണ് ചർച്ചക്ക് അടിസ്ഥാനം. എന്നാല്‍ ഇപ്പോള്‍ യതൊരു നീക്കവും നടത്തിയിട്ടില്ലെന്നും എഎൻ രാധാകൃഷ്‌ണൻ പറഞ്ഞു.

എൻഡിഎയെ ശക്തിപ്പെടുത്തുകയാണ് ബിജെപിയുടെ പ്രധാന ദൗത്യം. അതിന്റെ ഭാഗമായി ഇടതു വലതു മുന്നണികളില്‍ അസംതൃപ്‌തരായി നില്‍ക്കുന്നവരെ ബിജെപി സ്വീകരിക്കും. ആർഎസ്‌പി, സിഎംപി, തുടങ്ങിയ ചെറിയ കക്ഷികള്‍ വീര്‍പ്പു മുട്ടിയാണ് യുഡിഎഫില്‍ തുടരുന്നത്. ഇവര്‍ക്ക് എന്‍ ഡി എയിലേക്ക് വരാമെന്നും എഎൻ രാധാകൃഷ്‌ണൻ കണ്ണൂരിൽ പറഞ്ഞു.

കേരളാ കോ​ൺഗ്രസിന് (എം)​ ആരോടും വിരോധമില്ലെന്ന് പാര്‍ട്ടി  മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്ക് എല്ലാവരോടും സൗമ്യവും സമഭാവനയുമാണ്​ ഉള്ളത്. എവിടെ നൻമയുണ്ടോ അവിടെ തങ്ങളുണ്ടെന്നും എടുത്ത നിലപാട്​ ശരിയാണെന്ന്​ തന്നെയാണ്​​ വിശ്വാസമെന്നും മാണി പറഞ്ഞു.

പ്രശ്​നാധിഷ്​ഠിത രാഷ്​ട്രീയ നിലപാടാണ്​ തങ്ങളു​ടേത്​. ചിന്തിക്കുന്നവര്‍ക്ക് തങ്ങളുടെ നിലപാട് ശരിയാണെന്ന് തോന്നും. എല്ലാവര്‍ക്കും സ്‌നേഹമാണ് ഞങ്ങളോട്. ആര്‍ക്കും വിരോധമില്ല. നല്ലൊരു തീരുമാനമാണ് പാര്‍ട്ടി ഇപ്പോള്‍ എടുത്തിരിക്കുന്നതെന്നും മാണി വ്യക്തമാക്കി.

അതേസമയം, കേരളാ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ നിഗൂഢ ലക്ഷ്യത്തോടെയുള്ളതാണെന്ന് ജോസ് കെ മാണി പറഞ്ഞു. എന്‍ഡിഎയുമായുള്ള സഖ്യം അജണ്ടയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Article